Ksrtc Salary: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല; പണം കണ്ടെത്താനാകാതെ മാനേജ്മെന്റ്
65 കോടി രൂപ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും 30 കോടി രൂപ മാത്രമാണ് അനുവദിച്ചത്
തിരുവനന്തപുരം: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെ.എസ്.ആർ.ടി.സിയിൽ വീണ്ടും ശമ്പള വിതരണം പ്രതിസന്ധിയിലായി. ഇക്കഴിഞ്ഞ അഞ്ചാം തീയതി യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ പത്താം തീയതി ശമ്പളം നൽകുമെന്നായിരുന്ന ഗതാഗത മന്ത്രി ഉറപ്പ് നൽകിയിരുന്നത്.എന്നാൽ ശമ്പളം നൽകുന്നതിന് ആവശ്യമായ പണം ഇതുവരേയും കണ്ടെത്താൻ മാനേജ്മെന്റിന് കഴിഞ്ഞിട്ടില്ല.
65 കോടി രൂപ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും 30 കോടി രൂപ മാത്രമാണ് അനുവദിച്ചത്.കൂടുതൽ തുക അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ധന വകുപ്പ്. സർക്കാർ അനുവദിച്ച 30 കോടിയും കോർപ്പറേഷൻരെ കൈവശമുള്ള 10 കോടിയും ചേർത്താലും ശമ്പളം നൽകാൻ കഴില്ല.ഈ സാഹചര്യത്തിൽ കെ.റ്റി.ഡി.എഫ്.സിയിൽ നിന്ന് 30 കോടി രൂപ വായ്പ എടുത്ത് ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് തീരുമാനിച്ചിരുന്നു.
എന്നാൽ അതിനുളള നടപടികൾ പൂർത്തിയാകാത്തതിനാൽ ഇത് വരെ വായ്പ് ലഭ്യമായിട്ടില്ല.ജീവനക്കാർക്ക് എങ്ങനെ ശമ്പളം നൽകുമെന്ന ആശങ്കയിലാണ് ഇപ്പോൾ മാനേജ്മെന്റ്.ഈ മാസം അഞ്ചാം തീയതി ശമ്പളം ലഭിക്കാത്തിന്റെ പേരിൽ പ്രതിപക്ഷ സംഘടനകൾ ആറാം തീയതി സൂചന പണിമുടക്ക് നടത്തിയിരുന്നു.സിപിഐ അനുകൂല സംഘടനയും പണിമുടക്കിന് പിൻതുണ നൽകിയിരുന്നെങ്കിലും സിഐറ്റിയു സമരത്തിൽ പങ്കെടുത്തിരുന്നില്ല.
പത്താം തീയതി ശമ്പളം നൽകാമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടർന്നായിരുന്നു ഭരണപക്ഷ അനുകൂല സംഘടനയായ സിഐറ്റിയു പണിമുടക്കിൽ നിന്ന് വിട്ട് നിന്നത്.എന്നാൽ മന്ത്രി വാക്ക് പാലിക്കാത്ത സാഹചര്യത്തിൽ ശക്തമായ സമരത്തിലേക്ക് പോകാനാണ് സിഐറ്റിയുവിന്റെയും തീരുമാനം.82 കോടി രൂപയാണ് ഒരു മാസത്തെ ശമ്പളം നൽകുന്നതിനായി വേണ്ടത്. എസ്.ബി.ഐ യിൽ നിന്ന് 45 കോടി രൂപ ഓവർ ഡ്രാഫ്റ്റ് എടുത്താണ് കഴിഞ്ഞ മാസത്തെ ശമ്പളം 17 ദിവസം വൈകി നൽകിയത്.
വിഷുവിനും ഈസ്റ്ററിനും ശമ്പളം ലഭിക്കാത്തതിന്റെ പേരിൽ ഭരണ പക്ഷ അനുകൂല സംഘടനകളടക്കം പ്രതിഷേധിച്ചിരുന്നു.കടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രതിമാസം 75 കോടി രൂപ വീതം അനുവദിക്കണമെന്നാണ് മാനേജ്മെന്റ് ധനവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.എന്നാൽ ഇതിനോട് ഇതുവരെ സർക്കാർ അനുകൂലമായി പ്രതികരിച്ചിട്ടില്ല.അഞ്ചര കോടി രൂപയാണ് കെ.എസ്. ആർ.ടി.സി.യുടെ പ്രതിദിനവാരുമാനം.
ഇതിൽ 93 ലക്ഷം രൂപ വായ്പ തിരിച്ചടവ് ഇനത്തിലും 3.5 കോടി ഇന്ധന ചെലവിനായും മാറ്റിവക്കണം. 20 കോടിയോളം രൂപ മറ്റ് ചിലവുകൾക്കായും വിനിയോഗിക്കേണ്ടി വരും.എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകുമെന്നായിരുന്നു മാനേജ്മെന്റ് നേരത്തെ ജീവനക്കാർക്ക് നൽകിയിരുന്ന ഉറപ്പ്.എപ്പോഴും ജീവനക്കാർ ശമ്പളം നൽകാൻ സർക്കാരിന് കഴിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനുള്ള തുക കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുളള പൊതു മേഖലാ സ്ഥാപനങ്ങൾ സ്വന്തം നിലക്ക് കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജീവനക്കാരെ കുറയ്ക്കാതെ കെ.എസ്.ആർ.ടി.സിക്ക് മുന്നോട്ട് പോകാനാകില്ലെന്ന അഭിപ്രായവും അദ്ദേഹം പങ്കുവച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...