തിരുവനന്തപുരം:  ലോ കോളേജിലെ എസ്എഫ്ഐ അക്രമത്തിൽ പ്രതിഷേധിച്ച്  നിയമസഭയിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ പരസ്പരം ഏറ്റുമുട്ടി. പൊലീസ് കെഎസ്‌യു പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ഇന്നലെ രാത്രിയോടെയാണ് ലോ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ കെഎസ് യു യൂണിറ്റ് പ്രസിഡൻറ് സഫ്ന ഉൾപ്പെടെയുള്ള പ്രവർത്തകരെ മർദ്ദിച്ചത്. വിഷയം പ്രതിപക്ഷം നിയമസഭയിലും ലോക്സഭയിലും ഉന്നയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് നിയമസഭയിലേക്കാണ് കെഎസ്‌യു മാർച്ച് നടത്തിയത്. മാർച്ചിൽ പൊലീസ് ഇടപെട്ടതോടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കുതർക്കത്തിലായി. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ  പരസ്പരം ഏറ്റുമുട്ടിയതോടെ മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ നിയമസഭ പരിസരം സംഘർഷാവസ്ഥയിലായി. മുക്കാൽ മണിക്കൂറോളം ഗതാഗതം പൂർണമായും സ്തംഭിച്ചു.



ALSO READ: ലോ കോളേജിൽ എസ്എഫ്ഐ-കെഎസ് യു സംഘർഷം ; കെഎസ് യു പ്രവർത്തകയെ നിലത്തിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ


തുടർന്ന്, നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എംഎൽഎമാരായ ഷാഫി പറമ്പിൽ, റോജി എം ജോൺ, അൻവർ സാദത്ത് തുടങ്ങിയവർ കെഎസ്‌യു ആഹ്വാനം ചെയ്ത മാർച്ചിന് നേതൃത്വം നൽകി. കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്തും മാർച്ചിൽ പങ്കെടുത്തു.


ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യു യൂണിറ്റ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരെ മർദ്ദിച്ചത്. സംഘർഷത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. കേസിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 



പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റും വനിതാ നേതാവുമായ സഫ്നയെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു. ഇതിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടെ നൽകിയാണ് കെഎസ്‌യു പൊലീസിൽ പരാതിപ്പെട്ടത്. പരിക്കേറ്റ മൂന്ന് പ്രവർത്തകരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. 


അതേസമയം, വിഷയം പ്രതിപക്ഷം ലോക്സഭയിലും നിയമസഭയിലും ഉന്നയിച്ചു. എസ്എഫ്ഐയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ ഹൈബി ഈഡനാണ് വിഷയം ഉന്നയിച്ചത്. എന്നാൽ, ഗുണ്ടകളെയും എസ്എഫ്ഐ പ്രവർത്തകരെയും നേരിൽ കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് പ്രതിപക്ഷനേതാവ് നിയമസഭയിൽ ആഞ്ഞടിച്ചു. രാഷ്ട്രീയ എതിരാളിയെ ഇല്ലാതാക്കാൻ ഉത്തരവ് നൽകിയിരുന്ന പാർട്ടി സെക്രട്ടറിയുടെ നിലയിലേക്ക് മുഖ്യമന്ത്രി തരംതാഴരുതെന്നും പ്രതിപക്ഷനേതാവ് ഓർമിപ്പിച്ചു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.