ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുന്ന ദൗത്യം ശനിയാഴ്ച നടപ്പിലാക്കാനിരിക്കെ രണ്ടാമത്തെ കുങ്കിയാനയും ചിന്നക്കനാലിലെത്തി. 
വയനാട്ടിൽ നിന്നുള്ള സൂര്യൻ എന്ന ആനയാണ് ഇന്ന് പുലർച്ചയോടെ ചിന്നക്കനാലിൽ എത്തിയത്. വയനാട് ആർആ‌ർടി റെയ്ഞ്ച് ഓഫീസർ രൂപേഷിന്റെ നേതൃത്വത്തിലുള്ള ആറംഗ വനപാലക സംഘവും ഒപ്പമുണ്ട്. സൂര്യൻ മുൻപ് പല ദൗത്യങ്ങളിലും പങ്കെടുത്തിട്ടുള്ള ആനയാണ്. കഴിഞ്ഞ ദിവസം വിക്രം എന്ന കുങ്കിയാനയെ ഇവിടെ എത്തിച്ചിരുന്നു. ആകെ നാല് കുങ്കിയാനകളാണ് ദൗത്യത്തിനായി എത്തുന്നത്. ഇനി കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകൾ കൂടി എത്താനുണ്ട്. ഇവയെ നാളെയെത്തിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടെ അരിക്കൊമ്പന്റെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കാൻ അഞ്ചംഗ സംഘത്തെ വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്. ദേവികുളം റേഞ്ചിൽ ജോലി ചെയ്യുന്ന വാച്ചർമാരുടെ സംഘമാണ് അരിക്കൊമ്പനെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. പെരിയകനാലിലെ എസ്റ്റേറ്റ് ഭാഗത്തുള്ള കൊമ്പനെ പിടികൂടാൻ ശനിയാഴ്ച ചിന്നക്കനാൽ ഭാഗത്തേക്ക് എത്തിക്കാനാണ് വനംവകുപ്പ് ഇവർക്ക് നിർദേശം നൽകിയിരിക്കുന്നത്. സിമന്റ് പാലത്തിന് സമീപം അരികൊമ്പന്‍ തകര്‍ത്ത റേഷന്‍ കടയ്ക്ക് സമാനമായ സാഹചര്യങ്ങള്‍ ഒരുക്കിയാണ് ഒറ്റയാനെ പിടൂകൂടാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇവിടെ ആള്‍താമസമുണ്ടെന്ന പ്രതീതി സൃഷ്ടിച്ച് ആനയെ ഇവിടേയ്ക്ക് ആകര്‍ഷിക്കും. 71 അംഗ ദൗത്യ സേന 11 ടീമുകളായി തിരിഞ്ഞാണ് ദൗത്യം പൂര്‍ത്തിയാക്കുക.


Also Read: ഇടുക്കി ഇരട്ടയാറിൽ വീണ്ടും കടുവയുടെ സാന്നിധ്യം; ജനം പരിഭ്രാന്തിയിൽ


 മാർച്ച് 24ന് സിമന്റ് പാലത്ത് മോക് ഡ്രില്‍ സംഘടിപ്പിക്കും. ദൗത്യം നടപ്പിലാക്കുന്ന 25ന് ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ ചില വാര്‍ഡുകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ദൗത്യ സമയത്ത്, ഇതുവഴിയുള്ള ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. സിമന്റ് പാലത്തിന് സമീപ മേഖലയായ, 301 കോളനിയിലെ ആളുകളെ മാറ്റി പാര്‍പ്പിയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി ഇന്ന് ചിന്നക്കനാലില്‍ യോഗം ചേരും. മൂന്നു മണിക്കാണ് യോഗം. പ്രദേശവാസികളുടെ പൂര്‍ണ്ണ സഹകരണത്തോടെ ദൗത്യം പൂര്‍ത്തിയാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. 


മാർച്ച് 25ന് തന്നെ ദൗത്യം പൂര്‍ത്തീകരിക്കാനാകുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ. അന്നേ ദിവസം നടന്നില്ലെങ്കില്‍ 26ന് വീണ്ടും ശ്രമിക്കും. അരികൊമ്പന്‍ ഏതാനും ദിവസങ്ങളായി സമീപ മേഖലയില്‍ ഉള്ളതിനാല്‍, ശനിയാഴ്ച തന്നെ ദൗത്യം പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരുതുന്നത്. രണ്ട് ആംബുലന്‍സ് ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘവും, ഫയര്‍ ഫോഴ്‌സും ദൗത്യത്തില്‍ പങ്കെടുക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.