തിരുവനന്തപുരം: തൊഴില്‍ മേഖലയിലെ മോശം പ്രവണതയ്ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഇന്ന് മുതല്‍ നോക്കുകൂലി നിരോധിച്ച് തൊഴില്‍ വകുപ്പ് ഉത്തരവിറക്കി. ജില്ലാതല കൂലിപട്ടിക മാധ്യമങ്ങളിലൂടെ അറിയിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ചുമട്ട് തൊഴിലാളി നിയമത്തിലെ ഒന്‍പതാം വകുപ്പ് ഭേദഗതി ചെയ്തതിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും കൈപറ്റുന്നതും നിയമ വിരുദ്ധമായി കണക്കാക്കി നടപടിയും സ്വീകരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. 


ജില്ലാ ലേബര്‍ ഓഫീസര്‍ പുറപ്പെടുവിച്ച ഏകീകൃതകൂലി പട്ടിക അടിസ്ഥാനമാക്കി കയറ്റിറക്ക് കൂലി നല്‍കണമെന്നും പട്ടികയില്‍ ഉള്‍പ്പെടാത്ത ഇനങ്ങള്‍ക്ക് ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തില്‍ കൂലി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.


ചുമട്ടുതൊഴിലാളി നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഗാര്‍ഹികാവശ്യത്തിനുള്ള കയറ്റിറക്ക്, കാര്‍ഷികോത്പന്നങ്ങളുടെ കയറ്റിറക്ക് എന്നിവയ്ക്ക് തൊഴിലുടമയ്ക്ക് ഇഷ്ടമുള്ളവരെ നിയോഗിക്കാം. എന്നാല്‍, അംഗീകൃത തൊഴിലാളികളെയാണ് നിയമിക്കുന്നതെങ്കില്‍ നിശ്ചയിക്കപ്പെട്ട കൂലി നല്‍കണം.


ജോലിസമയത്ത് തൊഴിലാളികള്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും ധരിക്കണമെന്നും കൂലിക്ക് കണ്‍വീനറോ പൂള്‍ ലീഡറോ ഒപ്പിട്ട് ഇനം തിരിച്ച രസീത് നല്‍കണമെന്നും വ്യവസ്ഥയുണ്ട്.


അധികനിരക്ക് ഈടാക്കിയാല്‍ അസി.ലേബര്‍ ഓഫീസര്‍മാരോ ജില്ലാ ലേബര്‍ ഓഫീസറോ ഇടപെട്ട് പണം തിരികെ വാങ്ങിക്കൊടുക്കണം. ക്ഷേമനിധി ബോര്‍ഡ് മുഖേനയോ റവന്യു റിക്കവറി നടപടികളിലൂടെയോ പണം ഈടാക്കാനും നടപടിയെടുക്കും. 


ഏതെങ്കിലും മേഖലയില്‍ തൊഴില്‍ ചെയ്യാനുള്ള അവകാശമുന്നയിച്ചോ ഉയര്‍ന്ന കൂലി ആവശ്യപ്പെട്ടോ തൊഴിലുടമയെയൊ അദ്ദേഹത്തിന്‍റെ പ്രതിനിധിയെയോ ഭീഷണിപ്പെടുത്തുകയൊ കൈയേറ്റം ചെയ്യുകയോ വസ്തുവകകള്‍ നശിപ്പിക്കുകയോ മറ്റ് തടസ്സങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യരുത്. നിയമപരമായ തര്‍ക്കത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ തീരുമാനമെടുത്ത് കക്ഷികളെ അറിയിക്കണം. ആവശ്യമെങ്കില്‍ പോലീസിനെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.