കൊച്ചി :പി.ടി തോമസ് വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ഉമ തോമസ് വിജയിക്കുമെന്നും  ഭൂരിപക്ഷം ഉയരുമെന്ന് വ്യക്തമായതോടെ കള്ളപ്രചരണവുമായി എല്‍.ഡി.എഫ് ഇറങ്ങിയിരിക്കുകയാണെന്നും വി.ഡി.സതീശൻ പറഞ്ഞു. തൃക്കാക്കരയിലേക്ക് മെട്രോ നീട്ടാന്‍ യു.ഡി.എഫ് എം.പിമാര്‍ ഇടപെട്ടില്ലെന്ന പി.രാജീവിന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണ്. ആരോപണം തെളിയിക്കാൻ 
രാജീവിനെ വെല്ലുവിളിക്കുന്നതായും വി.ഡി.സതീശൻ പറഞ്ഞു. മിടുമിടുക്കന്‍മാരായ എം.പിമാരെയാണ് യു.ഡി.എഫ് ഡല്‍ഹിയിലേക്ക് അയച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചി മെട്രോ റെയിന്റെ എക്‌സ്റ്റന്‍ഷന്‍ വേണമെന്ന് എറണാകുളം എം.പി ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ രണ്ട് തവണ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള തെളിവ് വേണമെങ്കില്‍ ഹാജരാക്കാം. മന്ത്രി ഹൈബി ഈഡനോട് ക്ഷമ ചോദിച്ച് ആരോപണം പിന്‍വലിക്കണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു. 


പാര്‍ലമെന്റ് അര്‍ബന്‍ ഡെവലപ്‌മെന്റ് കമ്മിറ്റിയിലും മെട്രോ റെയില്‍ തൃക്കാക്കരയിലേക്ക് നീട്ടണമെന്ന് ഹൈബി ഈഡൻ നിരന്തരമായി  ആവശ്യപ്പെട്ടിരുന്നു. കൊച്ചിയില്‍ കേന്ദ്രമന്ത്രി എത്തിയപ്പോഴും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര മനോഹരമായാണ് ഹൈബി ഈഡന്‍ തൃക്കാക്കരയിലേക്കുള്ള മെട്രോ റെയില്‍ എക്‌സ്റ്റന്‍ഷനെ കുറിച്ച് പാര്‍ലമെന്റില്‍ സംസാരിച്ചതെന്ന് മന്ത്രി ആദ്യമൊന്ന് കാണണം.  യു.ഡി.എഫിനെതിരെ എന്തെങ്കിലും പറയുമ്പോള്‍ മൂന്നുവട്ടം ആലോചിക്കണം. മന്ത്രി രാജീവ് വെറുതെ അബദ്ധത്തില്‍ ചാടരുത്. 


ബി.ജെ.പിക്കെതിരെ പ്രതിപക്ഷ നേതാവ് ഒന്നും സംസാരിക്കുന്നില്ലെന്നതാണ് രാജീവിന്റെ മറ്റൊരു ആരോപണം. ആ പരിപ്പ് ഈ അടുപ്പില്‍ വേവില്ല. ബി.ജെ.പിക്കെതിരെ ശക്തമായ രാഷ്ട്രീയ നിലപാട് എടുത്തിരിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് കോണ്‍ഗ്രസാണ്. ഭൂരിപക്ഷ വര്‍ഗീയതയുമായി ചേര്‍ന്ന് നില്‍ക്കുന്ന പി.സി ജോര്‍ജിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ച് അനുഗ്രഹം നേടിയെത്തിയ ആളെ സ്ഥാനാര്‍ഥിയാക്കിയ ആളാണ് പി രാജീവ്. പി.സി ജോര്‍ജിനെ അറസ്റ്റു ചെയ്തതും നാടകമായിരുന്നെന്ന് മനസിലാക്കാനുള്ള ശേഷി ജനങ്ങള്‍ക്കുണ്ടെന്നും വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു.


കേരളത്തിലെ സി.പി.എമ്മും സംഘപരിവാറും കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ഒറ്റ അജണ്ടയുമായി മുന്നോട്ടു പോകുന്നവരാണ്. പിണറായി വിജയന്‍ കേന്ദ്രത്തിലെ ബി.ജെ.പിയുമായി എല്ലാ അഡ്ജസ്റ്റ്‌മെന്റുകളും നടത്തിയ ശേഷം കോണ്‍ഗ്രസ് മുക്ത കേരളത്തിന് വേണ്ടി ശ്രമിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി ബാന്ധവമുണ്ടാക്കിയവരാണ് കേരളത്തിലെ സി.പി.എമ്മുകാര്‍. ഞങ്ങളുടെ മതേതരത്വ നിലപാടിനെ ചോദ്യം ചെയ്യാന്‍ ഒരു സി.പി.എം നേതാവും വളര്‍ന്നിട്ടില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...