LJD - JDS Merge : എംവി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിൽ എൽജെഡി ജനതാദളിൽ ലയിക്കുന്നു; പ്രഖ്യാപനം ഉടൻ
എൽജെഡി- ജെഡിഎസ് ലയനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോൾ അന്തിമ ഘട്ടത്തിലാണ്.
Thiruvananthapuram : എംവി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദൾ ഉടൻ ജനതാദൾ എസുമായി ലയിക്കും. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ലയനം ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും തർക്കങ്ങൾ മൂലം തീരുമാനം നീണ്ടുപോകുകയായിരുന്നു. എൽജെഡി- ജെഡിഎസ് ലയനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോൾ അന്തിമ ഘട്ടത്തിലാണ്. ഇത് സംബന്ധിച്ച് ഇരു പാർട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങൾ പല തവണ ആശയവിനിമയം നടത്തിക്കഴിഞ്ഞു.
മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ് ജനതാദളിൽ നിന്ന് ലയന ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ജെ.ഡി എസിൽ ലയിക്കുമ്പോൾ മറുവിഭാഗത്തിലെ നേതാക്കൾക്ക് നൽകേണ്ട സ്ഥാന മാനങ്ങൾ സംബന്ധിച്ച അന്തിമ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ജനതാദൾ എസിന്റെ തെരഞ്ഞെടുപ്പ് സമ്മേളനം അടുത്തമാസം 6,7,8 തീയതികളിൽ നടക്കും. ജെഡിഎസ് - എൽജെഡി ലയനത്തിന് സമ്മേളനം അംഗീകാരം നൽകും.
പിന്നാലെ ഇരു പാർട്ടികളും ലയിച്ച് ഒന്നാകും. സിപിഎമ്മിന്റെ ഏറെക്കാലമായിട്ടുള്ള ആവശ്യങ്ങളിൽ ഒന്നാണ് എൽജെഡി - ജെഡിഎസ് ലയനം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ഇരു പാർട്ടികൾക്കും അന്ത്യശാസനവും നൽകിയിരുന്നു. എന്നാൽ എൽജെഡിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പാണ് അന്ന് തടസമായത്. ഷെയ്ക്ക് പി ഹാരിസിന്റെ നേതൃത്വത്തിലുള്ള നേതാക്കളാണ് അന്ന് ലയനത്തെ എതിർത്തത്.
പിളർപ്പിനെ തുടർന്ന് തീരെ ദുർബലമായ അവസ്ഥയിലാണ് ഇപ്പോൾ ലോക് താന്ത്രിക് ജനതാദൾ. സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാസ് കുമാറിന്റെ നേതൃത്വത്തെ വെല്ലുവിളിച്ച് അടുത്തിടെ ഒരു വിഭാഗം പാർട്ടി വിട്ടിരുന്നു. അതിൽ ഭൂരിഭാഗം പേരും ജനതാദളിലേക്കാണ് പോയത്. 2009 ലാണ് ജനതാദൾ പിളർന്നത്. പിന്നാലെ എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ലോക് താന്ത്രിക് ജനതാദൾ രൂപീകരികരിക്കുകയും ചെയ്തു. യുഡിഎഫിന്റെ ഭാഗമായി പ്രവർത്തിച്ച എൽജെഡി 2017 ൽ തിരികെ എൽഡിഎഫിൽ എത്തി. എൽജെഡിക്ക് നിലവിൽ ഒരു എംഎൽഎ മാത്രമാണുള്ളത്. എന്നാൽ ജെഡിഎസിന് മൂന്ന് എംഎൽഎമാരും ഒരു മന്ത്രിസ്ഥാനവും നിലവിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...