ആദ്യം പാലം , പിന്നെ വോട്ട്
തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ച് ഒരുപറ്റം കുടുംബങ്ങള്‍.....
ചെറുപുഴ: തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ച് ഒരുപറ്റം കുടുംബങ്ങള്‍.....
പുളിങ്ങോം വില്ലേജിലെ എട്ടാം വാര്‍ഡില്‍ കോഴിച്ചാല്‍ ഐ.എച്ച്.ഡി.പി കോളനിയിലെ എഴുപത്തിയഞ്ചോളം കുടുംബങ്ങളാണ് ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് (Local Body Election) ബഹിഷ്ക്കരണം സംബന്ധിച്ച് കോഴിച്ചാല്‍ ടൗണിലും കോളനിയിലേക്കുള്ള വഴിയിലും ബാനറുകളും വീടുകള്‍ക്ക് മുന്നില്‍ പോസ്റ്ററും പ്രദര്‍ശിപ്പിച്ചു. പാലം വേണമെന്നാണ് ഇവരുടെ ആവശ്യം.
കണ്ണൂര്‍ ജില്ലയിലാണെങ്കിലും കാര്യങ്കോട് പുഴയുടെയും കര്‍ണ്ണാടക വനത്തിന്‍റെയും ഇടയില്‍ വന്യമൃഗ ഭീഷണിയിലാണ് കാലങ്ങളായി ഇവര്‍ കഴിയുന്നത്. വര്‍ഷക്കാലത്ത് കരകവിഞ്ഞൊഴുകുന്ന പുഴ കടക്കണമെങ്കില്‍ നല്ലൊരു പാലം വേണം. വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ പോകാനും അസുഖം വന്നാല്‍ ആശുപത്രിയില്‍ പോകാനും നിലവില്‍ സാധിക്കുന്നില്ല. വന്യമൃഗശല്യം തടയാന്‍ കമ്പിവേലിയും ഇവിടെയില്ല. മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുന്നതാണ് ഇവരെ പ്രകോപിപ്പിച്ചിരിയ്ക്കുന്നത്.
കോഴിച്ചാല്‍ ടൗണിലിറങ്ങി ഒരു കിലോമീറ്റര്‍ നടന്നാല്‍ കാണുന്ന കാര്യങ്കോട് പുഴയ്ക്ക് കുറുകെയുള്ള ഇരുമ്പുപാലം തുരുമ്പെടുത്ത് അപകടാവസ്ഥയിലാണിപ്പോള്‍. പാലം കടന്നു വരുന്നവരെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന ആളുകള്‍ രാഷ്ട്രീയക്കാരെ എതിരേല്‍ക്കുന്നതും പ്രതിഷേധത്തോടെയാണ്.
ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ ഭര്‍ത്താവും മകനും മരിച്ച ഒരമ്മയും, കുട്ടികള്‍ വരാത്ത അങ്കണവാടി ടീച്ചറും, ആശുപത്രിയിലേക്ക് പോകാന്‍ വാഹനമെത്താത്ത വേദനയില്‍ വിലപിക്കുന്ന ഗര്‍ഭിണിയും, വെള്ളമില്ലാത്ത ടാപ്പിനു മുന്നില്‍ നില്‍ക്കുന്ന വൃദ്ധരും ഒക്കെയാണ് ഇവിടത്തെ സ്ഥിരം കാഴ്ച.
Also read: തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരം എല്‍ഡിഎഫും NDAയും തമ്മില്‍; കെ സുരേന്ദ്രന്‍
മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ മോഹനവാഗ്ദാനങ്ങള്‍ നല്കുന്നതല്ലാതെ തങ്ങളുടെ യാതനയും വേദനയും കാണാതെ പോകുന്നതിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് ആബാലവൃദ്ധം ജനങ്ങളും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. എല്ലാവര്‍ക്കും ഒരൊറ്റ ആവശ്യം മാത്രമാണ്. ഒരു പാലം വേണം, എത്രയും വേഗം....