തിരുവനന്തപുരം:  കൊറോണ വൈറസ് പ്രതിരോധവുമായി  ബന്ധപ്പെട്ട് നടപ്പിലാക്കിയ Lock down നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ നിരത്തിലിറങ്ങിയത് മൂലം പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ ഉടമകള്‍ക്ക് തിരികെ നല്‍കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം,  നിയമ ലംഘകര്‍ക്കെതിരെ കോടതി നടപടി തുടരും.  Lock down നിലവില്‍ വന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും നിയമലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ക്ക്  യാതൊരു കുറവും വന്നിട്ടില്ല. ഇതുവരെ മുപ്പതിനായിരത്തിലധികം കേസുകളിലായി ഇരുപതിനായിരത്തി എഴുന്നൂറിലേറെ വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.


പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സും കേരള പോലീസ് ആക്ടും പ്രകാരം പിടിച്ചെടുത്ത വാഹനങ്ങള്‍ കൂടിയതോടെയാണ് പിഴ ഈടാക്കി വാഹനം വിട്ടുനല്‍കുന്ന കാര്യം പോലീസ് ആലോചിക്കുന്നത്. 


lock down അവസാനിച്ച ശേഷം വാഹനങ്ങള്‍ വിട്ട് നല്‍കുമെന്നായിരുന്നു പോലീസ് തീരുമാനം. എന്നാല്‍ സ്റ്റേഷനുകളില്‍ വാഹനങ്ങള്‍ അനിയന്ത്രിതമായി നിറഞ്ഞതോടെ ഇത് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ വിട്ട് നല്‍കാന്‍ പോലീസ് ആലോചിക്കുന്നത്.


ഇതിനിടെ,  വാഹനം പിടിച്ചെടുക്കുന്നത് ഒഴിവാക്കി പിഴ മാത്രമീടാക്കുന്നതിനെകുറിച്ച്‌ DGP ലോക്നാഥ് ബെഹറ നിയമോപദേശം തേടി.  10000 രൂപ വരെ പരമാവധി പിഴ ഈടാക്കാം. എന്നാല്‍, ഇതിന് ചില നിയമതടസങ്ങള്‍ പോലീസിന് മുന്നിലുണ്ട്. വാഹനങ്ങള്‍ കോടതിയില്‍ നല്‍കി പിഴയടക്കണമെന്നാണ് ഓര്‍ഡിനന്‍സിലുള്ളത്. ഇത് എങ്ങനെ മറികടക്കുമെന്നാണ്  DGP നിയമോപദേശം തേടിയിരിക്കുന്നത്. 


ഓരോ ജില്ലകളിലും പിഴ തീരുമാനിക്കാനായി ഒരു ഉദ്യോഗസ്ഥനെ തീരുമാനിക്കാന്‍ പോലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച വിജ്ഞാപനം വൈകാതെ പുറത്തിറങ്ങും എന്നാണ് സൂചന.