Lok Ayukta Verdict on Pinarayi Vijayan: മുഖ്യമന്ത്രിയ്ക്കെതിരെയുള്ള കേസിൽ ലോകായുക്തയിൽ ഭിന്നാഭിപ്രായം; വിശാല ബഞ്ചിന് വിട്ടു
Lok Ayukta Verdict on Pinarayi Vijayan: ഈ കേസിൽ ലോകായുക്തയാണോ ഉപലോകായുക്തയാണോ സർക്കാരിനെതിരെ നിലപാടെടുത്തിരിക്കുന്നത് എന്നത് വ്യക്തമല്ല.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച കേസില്‍ ലോകായുക്ത വിധി പ്രഖ്യാപനം മാറ്റി. ജസ്റ്റിസുമാർക്കിടയിൽ ഏകാഭിപ്രായം വരാത്ത സാഹചര്യത്തിലാണ് വിധി പ്രഖ്യാപനം മാറ്റി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും അടങ്ങിയ ബഞ്ച് ആണ് കേസ് പരിഗണിച്ചിരുന്നത്.
കേരള സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗമായ ആര്‍എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് ലോകായുക്ത കേസ് എടുത്തത്. ആര്‍എസ് ശശികുമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ താഴെ...
1. എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കി
2. ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന രാമചന്ദ്രന്‍ നായരുടെ മരണശേഷം കടബാധ്യതകള്‍ തീര്‍ക്കാന്‍ 8.5 ലക്ഷം രൂപ നല്‍കി. മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി നിയമനം നല്‍കിയതിന് പുറമേ ആയിരുന്നു ഇത്.
3. കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപ നല്‍കി. ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതിന് പുറമേ ആയിരുന്നു ധനസഹായം.
മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ മുന്‍ മന്ത്രിസഭയിലെ 16 അംഗങ്ങളും അന്നത്തെ ചീഫ് സെക്രട്ടറിയും ഈ കേസില്‍ പ്രതികളാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന പിണറായി വിജയന്‍ മാത്രമാണ് ഈ മന്ത്രിസഭയിലും തുടരുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് കെടി ജലീലിന് എതിരെ ലോകായുക്ത വിധി വന്നത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. അന്ന് ലോകായുക്ത പരാമര്‍ശത്തിന്റെ പേരില്‍ ജലീലിന് രാജിവയ്‌ക്കേണ്ടിയും വന്നു. ഇതേ തുടര്‍ന്ന്, ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. ലോകായുക്ത വകുപ്പിലെ 14-ാം വതുപ്പ് ഭേദഗതി ചെയ്തുകൊണ്ടായിരുന്നു ഇത്. അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനം ഒഴിയണം എന്നതാണ് ഈ വകുപ്പ് പറയുന്നത്. ലോകായുക്ത വിധിയെ ഉത്തരവാദപ്പെട്ട അധികാരസ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ആവശ്യമെങ്കില്‍ നിരാകരിക്കാം എന്ന് വ്യക്തമാക്കുന്നതായിരുന്നു ഭേദഗതി. ഈ ഓര്‍ഡിനന്‍സ് പിന്നീട് നിയമസഭ പാസാക്കുകയും ചെയ്തു. എന്നാല്‍ ബില്‍ ഇതുവരെ ഗവര്‍ണര്‍ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ അത് നിയമമാക്കപ്പെട്ടിട്ടില്ല.
ആര്‍എസ് ശശികുമാര്‍ നല്‍കിയ കേസില്‍ 2022 ഫെബ്രുവരി 5 ന് വാദം തുടങ്ങിയിരുന്നു. മാര്‍ച്ച് 18 ന് വാദം പൂര്‍ത്തിയാവുകയും ചെയ്തു. ഈ കേസില്‍ ആറ് മാസത്തിനകം വിധി പറയണം എന്ന സുപ്രീം കോടതി നിരീക്ഷണം ഉയര്‍ത്തി ശശികുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...