കണ്ണൂര്‍/ദില്ലി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കെ സുധാകരന്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. കെപിസിസി അധ്യക്ഷനും കണ്ണൂരിലെ സിറ്റിങ് എംപിയും ആയ സുധാകരന്‍ തന്നെ ഇത്തവണയും സ്ഥാനാര്‍ത്ഥിയാകണം എന്ന് എഐസിസി നേതൃത്വം തീരുമാനിച്ചു. 75 വയസ്സുണ്ട് കെ സുധാകരന്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണ മത്സരിക്കാനില്ലെന്ന് സുധാകരന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കെപിസിസി അധ്യക്ഷനായിരിക്കെ തന്നെ എംപിയുടെ ഉത്തരവാദിത്തം കൂടി ഒരുമിച്ച് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ഇക്കാര്യം നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ ഓരോ സീറ്റും നിര്‍ണായകമായതിനാല്‍ സുധാകരനെ തന്നെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ ദേശീയ നേതൃത്വം എത്തുകയായിരുന്നു.


Read Also: പരിചയ സമ്പന്നരെ കളത്തിലിറക്കി സിപിഎം; സ്ഥാനാർത്ഥി പട്ടിക കാണാം


സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ആണ് കണ്ണൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഏത് വിധേനയും മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം ജയരാജനെ മത്സരരംഗത്തിറക്കുന്നത്. ഈ ഒരു സാഹചര്യം കൂടി കണത്തിലെടുത്താണ് സുധാകരനെ തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്.


കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് സുധാകരന്‍. 2009 ല്‍ സിപിഐഎമ്മിലെ കെകെ രാഗേഷിനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ആദ്യത്തെ വിജയം. അന്ന് 43,151 വോട്ടിന്റെ ഭൂരിപക്ഷം കെ സുധാകരന്‍ നേടിയിരുന്നു. 2014 ലും കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തിയത് സുധാകരന്‍ തന്നെ ആയിരുന്നു. എന്നാല്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയും ആയ പികെ ശ്രീമതിയ്ക്ക് മുന്നില്‍ അടിതെറ്റി വീഴാനായിരുന്നു വിധി. 6,566 വോട്ടുകള്‍ക്കായിരുന്നു പികെ ശ്രീമതിയുടെ വിജയം. 


Read Also: സീറ്റ് വിഭജനത്തില്‍ എസ്പിയും കോൺഗ്രസും തമ്മിൽ ധാരണ; സംയുക്ത പത്ര സമ്മേളനം ഉടന്‍


എന്നാല്‍ ഈ പരാജയത്തിന് കണക്ക് തീര്‍ക്കുന്നതായിരുന്നു 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം. സിറ്റിങ് എംപിയായിരുന്ന പികെ ശ്രീമതിയെ തന്നെ സിപിഎം രംഗത്തിറക്കിയപ്പോള്‍, കെ സുധാകരനെ തന്നെ എതിരാളായി കോണ്‍ഗ്രസ് മുന്നില്‍ നിര്‍ത്തി. 94,559 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അത്തവണ കെ സുധാകരന്റെ വിജയം. രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതിന്റെ തരംഗം കേരളം മുഴുവന്‍ ആഞ്ഞടിച്ചപ്പോള്‍ കെ സുധാകരന്റെ ഭൂരിപക്ഷം  ഒരു ലക്ഷത്തിന് അടുത്ത് എത്തുകയായിരുന്നു.


സിപിഐഎമ്മും എല്‍ഡിഎഫും ഇതിനകം തന്നെ അവരുടെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനത്തില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് ഇപ്പോഴും പ്രാഥമിക ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നതേയുള്ളു. 2019 ലും ഇങ്ങനെ തന്നെ ആയിരുന്നു സ്ഥിതിഗതികള്‍. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ തന്നെ മാറിമറിയുകയായിരുന്നു. ഇത്തവണയും രാഹുല്‍ വയനാട്ടില്‍ നിന്ന് മത്സരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.