Lok Sabha Election 2024 | എന്ത് കൊടുത്ത് കോട്ടയം നേടും? കേരള കോൺഗ്രസുകൾ നേർക്ക് നേർ മത്സരിക്കുന്ന മണ്ഡലം
കോട്ടയം നേരിട്ട 16-ൽ 10 തിരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചു. 2008 ലാണു പുതിയ കോട്ടയം മണ്ഡലം രൂപീകരിച്ചത്.
കോട്ടയം: കേരള കോൺഗ്രസുകൾ നേർക്ക് നേർ ഏറ്റുമുട്ടുന്ന കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ മത്സരം ചൂടായിക്കഴിഞ്ഞു. എൽഡിഎഫിലെ തോമസ് ചാഴിക്കാടനും യുഡിഎഫിലെ ഫ്രാൻസിസ് ജോർജുമാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. മത്സരം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് മണ്ഡലം. കാലാകാലങ്ങളായി യുഡിഎഫ് കയ്യടക്കി വെച്ചിരിക്കുന്ന മണ്ഡലം കൂടിയാണ് കോട്ടയം എന്നത് കോൺഗ്രസ്സ് പാളയത്തിന് പ്രതീക്ഷ നൽകുന്നതാണ്. റബ്ബർ കർഷകർക്ക് ഏറ്റ തിരിച്ചടി വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോട്ടയത്ത് യുഡിഎഫ്.
കോട്ടയം നേരിട്ട 16-ൽ 10 തിരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചു. 2008 ലാണു പുതിയ കോട്ടയം മണ്ഡലം രൂപീകരിച്ചത്. 2009-ലും 2014-ലും ജോസ് കെ. മാണി വിജയിച്ചുവെന്നു മാത്രമല്ല ഭൂരിപക്ഷം 71,570-ൽ നിന്ന് 1,20,599 (2014) ആയി കൂടുകയും ചെയ്തു. ഏഴു നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിലും യുഡിഎഫ് എംഎൽഎ മാർ തന്നെ. കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, പിറവം എന്നിവയാണു യുഡിഎഫ് മണ്ഡലങ്ങൾ. വൈക്കത്തും ഏറ്റുമാനൂരും എൽഡിഎഫ്. 1984 ൽ ഇന്ദിരാ തരംഗത്തിലും എൽഡിഎഫിനൊപ്പം നിന്ന ചരിത്രം കോട്ടയത്തിനുണ്ടെന്നുള്ളത് മറ്റൊരു പ്രത്യേകത
മുൻ എംപിയും രണ്ടു മുൻ എംഎൽഎമാരും
മുൻ എംപിയും രണ്ടു മുൻ എംഎൽഎ-യും തമ്മിലാണു കോട്ടയത്തു മത്സരം. തോമസ് ചാഴികാടന്റെ സ്വീകാര്യതയാണു എൽഡിഎഫിന്റെ തുറുപ്പുചീട്ട്. ഏറ്റുമാനൂരിൽ നാലുവട്ടം എംഎൽഎ ആയിരുന്ന തോമസ് ചാഴികാടന്റെ വ്യക്തിബന്ധങ്ങളും തിരഞ്ഞെടുപ്പിൽ തുണയാകും. ലോക്സഭാ സീറ്റിനു കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് അവകാശം ഉന്നയിച്ചത് യുഡിഎഫിൻറെ സ്ഥാനാർഥി നിർണയം അല്പം വൈകിച്ചു.
എന്നാൽ തോമസ് ചാഴികാടനെ എൽഡിഎഫ് നിശ്ചയിച്ചതോടെ പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി പ്രചാരണത്തിന് ഇറങ്ങിയതു തന്നെ സ്വീകാര്യതയുടെ തെളിവായി കരുതുന്നു. മണ്ഡലത്തിന് പുതുമുഖവും പരിചയ സമ്പന്നനുമായ ഫ്രാൻസിസ് ജോർജാണ് യുഡിഎഫ് സ്ഥാനാർത്ഥി. സർക്കാർ വിരുദ്ധ തരംഗം അനുകൂലമാക്കി വിജയിക്കാം എന്നാണ് ഫ്രാൻസിസ് ജോർജിനെ മത്സരത്തിനിറക്കുന്നത് വഴി യുഡിഎഫ് വിശ്വസിക്കുന്നത്. ഇതിനൊപ്പം മുന്നണി മാറിയെത്തിയ തോമസ് ചാഴിക്കാടനെ വോട്ടർമാർ തിരസ്ക്കരിക്കുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.