തിരുവനന്തപുരം: പ്രവാസികളെ സംസ്ഥാനത്തിന്‍റെ സമഗ്രവികസനത്തിന്റെ പ്രധാന പങ്കാളികളും ചാലക ശക്തികളുമാക്കാന്‍ വിഭാവനം ചെയ്ത് ലോക കേരളസഭ കരട് രേഖ. 11, 12 തിയതികളില്‍ ചേരുന്ന ലോക കേരളസഭയിലെ ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് രേഖ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിന്റെ വികസന പ്രശ്നങ്ങളേയും പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളേയും സംയോജിപ്പിക്കുക എന്നതാണ് ലോക കേരളസഭയുടെ പ്രഥമ സമ്മേളനം ലക്ഷ്യം വയ്ക്കുന്നത്.  


പ്രവാസികളുടെ വിലയേറിയ വിദേശപണം അവര്‍ക്കും നാടിനും ഗുണകരമായവിധത്തില്‍ നിക്ഷേപിക്കുകയും ഉന്നതമായ വികസന സാധ്യതകള്‍ കണ്ടെത്തുന്നതിനും പരിശ്രമിക്കണമെന്ന് കരട് രേഖ വിശദമാക്കുന്നു. പ്രവാസികളെ സംബന്ധിച്ച കൃത്യമായ സ്ഥിതി വിവരകണക്കുകള്‍ ഉണ്ടാക്കുകയും ശക്തമായ ഒരു പ്രവാസി നയം രൂപീകരിക്കാനും രേഖയില്‍ വിര്‍ദേശമുണ്ട്. 


കേരളത്തിന്‍റെ തനത് കലാസാംസ്‌കാരിക സംരക്ഷണവും, അവയുടെ ഡിജിറ്റല്‍ വിപണനവും, ആയുര്‍വേദ-ആരോഗ്യ മേഖലകളെ ടൂറിസവുമായി ബന്ധിപ്പിക്കുന്ന പദ്ധതികളും, കേരളത്തിന്‍റെ ഭക്ഷ്യവൈവിധ്യത്തിന്‍റെ ദേശാന്തരവിപണി സാദ്ധ്യതകളും, വാസ്തുവിദ്യാ പാരമ്പര്യങ്ങളും അന്തര്‍ദേശീയ തലത്തില്‍ വിപണനം ചെയ്യുന്നതിനെക്കുറിച്ചും വിശദമായി പരിശോധിക്കും.


പ്രവാസിമേഖലയില്‍ കേരളസര്‍ക്കാര്‍ ഇതിനകം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനേക്കാള്‍ ഭാവിയില്‍ എന്തൊക്കെ ചെയ്യാനാവും എന്നതിനാണ് രേഖയില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. ജനങ്ങളുടെ അഭിപ്രായങ്ങളും സഭാംഗങ്ങളുടെ നിര്‍ദ്ദേശങ്ങളും ഏകീകരിച്ച്  രേഖയുടെ സമ്പുഷ്ട രൂപം പിന്നീട് പ്രസിദ്ധീകരിക്കും.