ലോകായുക്ത ഭേദഗതിയിൽ സിപിഐ മന്ത്രിമാർക്ക് വിയോജിപ്പ്; ബില്ല് പാസാക്കുന്നത് നിയമസഭയിലാണെന്ന് കാനം
ബില്ല് പാസാക്കുന്നത് മന്ത്രിസഭയിൽ അല്ല നിയമസഭയിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനവും പ്രതികരിച്ചു
തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയിൽ മന്ത്രിസഭയില്‍ ഭിന്നത.സിപിഐ മന്ത്രിമാരാണ് എതിർപ്പ് അറയിച്ചത്.പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് മുഖ്യമന്ത്രി മന്ത്രിസഭയില്‍ അറിയിച്ചു. മന്ത്രിമാരായ പി.പ്രസാദും, കെ രാജനുമാണ് മന്ത്രിസഭയിൽ ലോകായുക്തയിലെ അതൃപ്തി പരസ്യമാക്കിയത്. ഈ രൂപത്തിൽ മുന്നോട്ട് പോകുന്നതിൽ യോജിപ്പില്ലെന്ന് അവർ വ്യക്തമാക്കി.
ബില്ല് പാസാക്കുന്നത് മന്ത്രിസഭയിൽ അല്ല നിയമസഭയിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനവും പ്രതികരിച്ചു. ലോകായുക്തയിൽ ആദ്യ ഓർഡിനൻസ് പരിഗണയ്ക്ക് വന്നപ്പോഴും ശക്തമായ എതിർപ്പ് സിപിഐ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സിപിഐ,സിപിഎം ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ചർച്ച നടന്നിട്ടില്ല. ലോകായുക്തയുടെ തീരുമാനത്തെ തള്ളാൻ സർക്കാരിന് അധികാരം നൽകുന്നതിന് പകരം സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതിയുടെ തീരുമാനത്തിനു വിടണമെന്നാണ് സിപിഐ നിർദ്ദേശം.
ലോകായുക്തയുടെ അധികാരങ്ങളെ ദുർബലപ്പെടുത്തുന്ന നിലപാട് സ്വീകരിക്കാനില്ലെന്നും സിപിഐ വ്യക്തമാക്കുന്നു. അതെ സമയം ലോകായുക്ത നിയമ ഭേദഗതി ബില്ലിൽ മാറ്റം വരുമെന്ന സൂചന കാനം രാജേന്ദ്രൻ നൽകുന്നുണ്ട്. ബില്ല് പാസാക്കുന്നത് ക്യാബിനറ്റ് ചർച്ചയിലൂടെ അല്ലെന്നും നിയമസഭയിലാണെന്നും കാനം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈ മാസം 22നാണ് നിയമസഭ സമ്മേളനം ചേരുന്നത്. ഇപ്പോള്‍ ഓർഡിനൻസിൽ മാറ്റം വരുത്തിയാൽ അത് നിയംമ പ്രശ്നം സൃഷ്ടിക്കുമെന്നും നിയമസഭയിൽ വരുമ്പോൾ മാറ്റം വരുത്താമെന്നുമാണ് മുഖ്യമന്ത്രി മന്ത്രിസഭയിൽ വ്യക്തമാക്കിയിട്ടുള്ളത്. നിയമസഭയിൽ വിഷയം ചർച്ചയ്ക്ക വരുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്ന് പ്രതിപക്ഷവും നേരത്തെ വ്യക്തമാക്കിയതാണ്. ഈ പ്രശ്നം സർക്കാരിന് തലവേദന സൃഷ്ടിക്കുന്നതിന് മുമ്പ് സി.പി.ഐയുമായി പ്രശ്നം ചർച്ചചെയ്തു പരിഹരിക്കാനാണ് സിപിഎമ്മിന്റെ ശ്രമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...