തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. ജനവിധി അംഗീകരിച്ചും പരാജയം ആഴത്തിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തിയും മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞടുപ്പ് ഫലമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം


ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്സഭ തെരഞ്ഞടുപ്പ് ഫലം. മാധ്യമങ്ങളിൽ വലിയൊരു വിഭാഗത്തിന്റെയും ഭരണസംവിധാനങ്ങളുടെയും കേന്ദ്ര ഏജൻസികളുടെയും പണക്കൊഴുപ്പിന്റെയും  പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങൾ തള്ളി എന്നാണ് ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ട തെരഞ്ഞെടുപ്പ് ഫലം  വ്യക്തമാക്കുന്നത്. വർഗീയതയും വിഭാഗീയതയും ഉയർത്തി ജനങ്ങളെ വിഘടിപ്പിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാം എന്ന വ്യാമോഹമാണ് ഇന്ത്യൻ ജനത തകർത്തത്.  


ALSO READ: വയനാടിനോട് ഗുഡ് ബൈ പറയുമോ രാഹുൽ? സാദ്ധ്യതകൾ ഇങ്ങനെ


കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. 2019 ലേതിന് ഏറെക്കുറെ  സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തിയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കും. പോരായ്മകൾ കണ്ടെത്തി അവ പരിഹരിക്കും. സർക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങൾക്കുള്ള തെറ്റിദ്ധാരണകൾ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കും.


തൃശൂർ മണ്ഡലത്തിൽ ബിജെപി നേടിയ വിജയം ഗൗരവത്തോടെ കാണുകയാണ്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മാതൃകയായ നമ്മുടെ നാട്ടിൽ ബിജെപി ആദ്യമായി ലോക്സഭ മണ്ഡലം വിജയിച്ചത് വിമർശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്. അതിന് മതനിരപേക്ഷ - ജനാധിപത്യ വിശ്വാസികളാകെ തയാറാകേണ്ടതാണ്. ആ ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ചും മതനിരപേക്ഷ മൂല്യങ്ങൾക്കായി സമർപ്പണ ബോധത്തോടെ പ്രവർത്തിച്ചും ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു പോകും. 


ജനങ്ങളെ ചേർത്തു നിർത്തി നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി അടിയുറച്ച നിലപാടുകളുമായി മുന്നേറുന്നതിനുള്ള സമഗ്രവും സൂക്ഷ്മതലത്തിലുള്ളതുമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി പ്രവർത്തിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നു. ജനാധിപത്യം  സംരക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാടിൽ ബിജെപിക്കെതിരെ വോട്ടുചെയ്ത രാജ്യത്താകെയുള്ള സമ്മതിദായകരെ അഭിവാദ്യം ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.