സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി പിണറായി വിജയന്റെ നിയമോപാദേഷ്ടാവ് അഡ്വക്കേറ്റ് എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായി
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപാദേഷ്ടാവ് അഡ്വക്കേറ്റ് എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത് വന്‍ വിവാദത്തില്‍.
കൊച്ചി: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപാദേഷ്ടാവ് അഡ്വക്കേറ്റ് എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായത് വന്‍ വിവാദത്തില്‍. അനധികൃത പണമിടപാട് കുറ്റം ചുമത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്‍റ് നടപടിക്കെതിരെ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് എം.കെ ദാമോദരന്‍ ഹാജരായത്.
മാര്‍ട്ടിന്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസുകളില്‍ അന്വേഷണം അവസാനിപ്പിച്ച സിബിഐ നടപടിക്കും ഇത് അംഗീകരിച്ച കീഴ്‌കോടതി നിലപാടിനുമെതിരെ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള റിവിഷന്‍ ഹര്‍ജി പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ മാര്‍ട്ടിന് വേണ്ടി ഹാജരായത്. സി.ബി.ഐ നിലപാടറിയാന്‍ ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ അടുത്ത ആഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.
ലോട്ടറി നിയന്ത്രണ നിയമപ്രകാരമുള്ള കുറ്റകൃത്യം തന്നെ ഇല്ലാതിരിക്കെ ഇതുമായി ബന്ധപ്പെട്ട ഒരു കുറ്റവും നിലനില്‍ക്കില്ലെന്നും നിയമവിരുദ്ധമായാണ് സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്നുമാണ് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഹര്‍ജിക്കാരന്‍ മറ്റ് പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് സിക്കിം സര്‍ക്കാറിലെ ചില ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി സിക്കിം സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. എന്നാല്‍, മാര്‍ട്ടിന്‍ കുടിശ്ശിക വരുത്തിയിട്ടില്ലെന്ന് സിക്കിം സര്‍ക്കാര്‍ രേഖാമൂലം സ്ഥിരീകരിച്ചിട്ടുണ്ടെന്നുമാണ് ദാമോദരന്‍റെ വാദം. നഷ്ടമുണ്ടാകുന്നവരാണ് ഇത്തരം കേസുകളില്‍ പരാതി നല്‍കേണ്ടത്. കേരള സര്‍ക്കാറിന് ഹര്‍ജിക്കാരന്‍ ഒരു നഷ്ടവും ഉണ്ടാക്കിയിട്ടില്ലെന്നും ദാമോദരന്‍ വാദിച്ചു.
അതേസമയം, സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ ദാമോദരന്‍ കോടതിയില്‍ ഹാജരായതിനെതിരെ കടുത്ത വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. ഈ സര്‍ക്കാരിന്റെ മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പും സാന്റിയാഗോ മാര്‍ട്ടിനാണെന്നും എം.കെ ദാമോദരന്‍ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരായത് ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.