തിരുവനന്തപുരം: കേരള, കര്‍ണാടക തീരങ്ങളില്‍ ന്യൂനമര്‍ദം രൂപം കൊണ്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ ക്ഷോഭത്തിനും കാറ്റിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ തെക്കുപടിഞ്ഞാറ് നിന്നും പടിഞ്ഞാറേക്ക് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

മേയ് 29 വരെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണം. ഉയര്‍ന്ന തിരമാലകളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ നടപടിയെടുക്കും. ആവശ്യമാണെങ്കില്‍ മാത്രം ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു എന്ന് ഉറപ്പു വരുത്താനും നിര്‍ദേശമുണ്ട്.


ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫിസര്‍മാര്‍/ തഹസില്‍ദാര്‍മാര്‍ കയ്യില്‍ കരുതണം.  28നും 29നും ശക്തമായ മഴ തുടരും. ലക്ഷദ്വീപില്‍ 30 വരെ പലയിടത്തും അതിശക്തമായ മഴ ലഭിക്കും.


വടക്കന്‍ കേരളത്തില്‍ തെക്കുപടിഞ്ഞാറുനിന്ന് പടിഞ്ഞാറേക്ക് 35 മുതല്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇത് 55 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കാന്‍ സാധ്യതയുണ്ട്. കര്‍ണ്ണാടക തീരത്ത് വടക്കുപടിഞ്ഞാറ് നിന്നും തെക്കുകിഴക്കും, കിഴക്ക് നിന്ന് പടിഞ്ഞാറേക്കും 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കേരള-കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ്- കന്യാകുമാരി പ്രദേശങ്ങളിലേക്കും മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.