തിരുവനന്തപുരം: ഭീകരനാശം വിതച്ചു കടന്നുപോയ ഓഖിയ്ക്ക് പിന്നാലെ വരുന്നു 'ലുബാന്‍'‍. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാലുള്ള കാറ്റിന് ലുബാന്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഖി സഞ്ചരിച്ച അതേ വഴിയിലൂടെയാവും ലുബാനും വരികയെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. കാറ്റുകളുടെ പട്ടികയിലേക്ക് 53ാമതായി ഒമാന്‍ നല്‍കിയ പേരാണിത്. കന്യാകുമാരിക്കും രാമേശ്വരത്തെ മന്നാര്‍ ഉള്‍ക്കടലിലും മധ്യേയാണ് ന്യൂനമര്‍ദത്തിന്‍റെ ഉറവിടം.


ന്യൂനമര്‍ദം വെള്ളിയാഴ്ച ലക്ഷദ്വീപിനു സമീപം രൂപമെടുക്കും. ലുബാന്‍ മൂലം സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ട്. ലക്ഷദ്വീപിനു സമീപം 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശാനും സാധ്യയുണ്ട്. ചുഴലിക്കാറ്റായി മാറിയാല്‍ ഒമാന്‍ തീരത്തേക്കു നീങ്ങാനാണു സാധ്യത. 


മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, മത്സ്യത്തൊഴിലാളികളോട് ഇന്നു തന്നെ തീരത്തു മടങ്ങിയെത്തണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദേശം. 


കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുന്നൊരുക്കം നടത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി ഇന്നലെ നടന്ന യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ, അണക്കെട്ടുകളിലെ സ്ഥിതിയും ദുരന്തനിവാരണ അതോറിറ്റി വിലയിരുത്തി. ദുരന്തനിവാരണ അതോറിറ്റി അടിയന്തിര യോഗം ചേര്‍ന്ന് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ ഉടന്‍തന്നെ ക്യാമ്പുകള്‍ തുറക്കാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 


കൂടാതെ, രാത്രി സഞ്ചാരം ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. 


ഇടുക്കി, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദം ശക്തി പ്രാപിക്കാന്‍ ഇടയുള്ളതിനാലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കൂടാതെ, മത്സ്യത്തൊഴിലാളികൾ അടുത്ത രണ്ട് ദിവസത്തേയ്ക്ക് കടലിൽ പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.