സ്വർണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങൾക്കിടെ എം ശിവശങ്കർ ഇന്ന് വിരമിക്കും
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും പിന്നീടുള്ള ജയിൽവാസവും സസ്പെന്‍ഷനും എല്ലാം നേരിട്ട ശേഷമാണ് ശിവശങ്കറിന്റെ പടിയിറക്കം.
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട, പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ഇന്ന് വിരമിക്കും. കായിക, യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കസേരയിൽ നിന്നാണ് ശിവശങ്കർ വിരമിക്കുന്നത്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും പിന്നീടുള്ള ജയിൽവാസവും സസ്പെന്‍ഷനും എല്ലാം നേരിട്ട ശേഷമാണ് ശിവശങ്കറിന്റെ പടിയിറക്കം.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐടി വകുപ്പിന്‍റെ ചുമതലക്കാരന്‍ എന്നിങ്ങനെ ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ഉന്നത സ്ഥാനങ്ങളിലിരുന്ന ശിവശങ്കറിന് അപ്രതീക്ഷിതമായാണ് തിരിച്ചടികൾ നേരിടേണ്ടി വന്നത്. സ്വർക്കടത്ത് കേസിന് പിന്നാലെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധം, സ്വപ്നയെ സര്‍ക്കാരിന്‍റെ ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ശിവശങ്കറിന് നേരെ ഉയര്‍ന്നത്.
Also Read: Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത
മുഖ്യമന്ത്രിയുടെ വിശ്വസ്തൻ സർക്കാരിന്റെ സ്വപ്ന പദ്ധതികൾക്ക് പിന്നിലെ മാസ്റ്റർ ബ്രെയിൻ തുടങ്ങി പല വിശേഷണങ്ങളായിരുന്നു ശിവശങ്കറിന്. സ്വർണക്കടത്ത് കേസിൽ പ്രതിചേർക്കപ്പെട്ട് കേസ് മുഖ്യമന്ത്രിയുടെ ഓഫീസ് വരെ എത്തിയിട്ടും പിണറായി ശിവശങ്കറിനെ തള്ളിപ്പറഞ്ഞില്ല. കേസിലെ പ്രതിക്ക് അനധികൃത നിയമനം നൽകാൻ ഇടപെട്ടുവെന്ന് കണ്ടെത്തിയതോടെയാണ് ശിവശങ്കറിന്റെ സസ്പെൻഷനിലേക്ക് നീങ്ങിയത്. 98 ദിവസമാണ് ശിവശങ്കർ ജയിലിൽ കഴിഞ്ഞത്. ജയിൽ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ അശ്വത്ഥാമാവ് വെറും ആന എന്ന ടൈറ്റിലിൽ ശിവശങ്കർ ഒരു പുസ്തകവും എഴുതിയിരുന്നു. ഇതിനെതിരെ സ്വപ്ന സുരേഷിന്റെ വൻ വെളിപ്പെടുത്തലുകളും ഉണ്ടായിരുന്നു. ഇതും വലിയ വിവാദങ്ങൾക്കിടയാക്കി.
സ്വർണ്ണക്കടത്ത് കേസ്, സസ്പെന്‍ഷന്‍, ജയില്‍വാസം എന്നിവയ്ക്കുശേഷം സര്‍വീസിൽ മടങ്ങിയെത്തിയെങ്കിലും അപ്രധാന വകുപ്പുകളുടെ ചുമതലകളിൽ ഒതുങ്ങി. ലൈഫ് മിഷന്‍ കോഴക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുള്ള ഇ.ഡിയുടെ നോട്ടീസുമായാണ് ശിവശങ്കറിന്റെ പടിയിറക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...