അഗളി: മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം കൈയ്യേറ്റം ചെയ്തതിനിടയില്‍ കൊല്ലപ്പെട്ട മധുവിന്‍റെ മരണമൊഴിയിലും നാട്ടുകാരില്‍ നിന്ന് തനിക്ക് മര്‍ദ്ദനമേറ്റതായി സ്ഥിരീകരിച്ചു. മോഷ്ടാവെന്ന് ആരോപിച്ച് കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന്, ഏഴ് പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് മധു മൊഴി നല്‍കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തന്നെ അവര്‍ അടിക്കുകയും തൊഴിക്കുകയും ചെയ്തു. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലേക്ക് വെള്ളം ഒഴിച്ചുതരികയായിരുന്നുവെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ മധു പറയുന്നു. ഈ മൊഴി നല്കി അല്‍പസമയത്തിനകം മധു മരണത്തിന് കീഴടങ്ങിയെന്നാണ് പൊലീസ് പറയുന്നത്.


എന്നാല്‍ സമയം വൈകിയതിനെത്തുടര്‍ന്ന് മധുവിന്‍റെ പോസ്റ്റ്‌മോര്‍ട്ടം നാളത്തേക്ക് മാറ്റി. മൃതദേഹം ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്. 


അതേസമയം ഘാതകരെ ഇന്ന് തന്നെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ജനത അഗലിയില്‍ റോഡ്‌ ഉപരോധിക്കുകയാണ്. അഗളി പൊലീസ് സ്റ്റേഷന് മുന്നിലുള്ള റോഡിലാണ് വിവിധ ആദിവാസി ഊരുകളില്‍ നിന്നെത്തിയവര്‍ സമരം നടത്തുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് രാവിലെ അറസ്റ്റ് ചെയ്തവരെ കാണാന്‍ അനുവദിക്കണമെന്ന സമരക്കാരുടെ ആവശ്യം പൊലീസ് ആദ്യം അംഗീകരിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് വിവിധ ആദിവാസി ഊരുകളില്‍ നിന്ന് സംഘം ചേര്‍ന്നെത്തിയവരാണ് റോഡ്‌ ഉപരോധിക്കുന്നത്.