Mahindra: ഥാറിന് പിന്നാലെ എക്സ്.യു.വിയും; ഗുരുവായൂരപ്പന് വീണ്ടും കാണിക്കയുമായി മഹീന്ദ്ര
എക്സ്.യു.വി.700 എ.എക്‌സ്.7 ഓട്ടോമാറ്റിക് വകഭേദമാണ് ഇത്തവണ മഹീന്ദ്ര ഗുരുവായൂർ ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ചിരിക്കുന്നത്.
ഗുരുവായൂരപ്പന് മഹീന്ദ്ര ഥാർ കാണിക്കയായി നൽകിയത് വലിയ വാർത്തായായിരുന്നു. ഇപ്പോഴിതാ വീണ്ടും ഗുരുവായൂരപ്പന് കാണിക്ക സമർപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര. ഇത്തവണ മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയായ എക്‌സ്.യു.വി. 700 ആണ് കമ്പനി സമർപ്പിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ എസ്.യു.വി. വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റു പോകുന്ന എക്‌സ്.യു.വി.700 എ.എക്‌സ്.7 ഓട്ടോമാറ്റിക് വകഭേദമാണ് ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഉച്ചപൂജയ്ക്ക് ശേഷം നടതുറന്നതിന് ശേഷമാണ് കാർ സമർപ്പണ ചടങ്ങ് നടന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് ചടങ്ങ് നടന്നത്. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ വാഹനത്തിന്റെ താക്കോല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ടെക്‌നോളജി ആന്‍ഡ് പ്രോഡക്ട് ഡെവലപ്പ്‌മെന്റ് വിഭാഗം മേധാവി ആര്‍. വേലുസ്വാമിയില്‍ നിന്ന് ഏറ്റുവാങ്ങി. വെള്ള നിറത്തിലുള്ള എക്സ്.യു.വി 700 ആണ് കാണിക്കയായി സമർപ്പിച്ചിരിക്കുന്നത്. 28.40 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ട്.
2021 ഡിസംബറിലാണ് ഥാര്‍ ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ചത്. തുടർന്ന് ഈ വാഹനം ലേലത്തില്‍ വെച്ചിരുന്നു. ഇത് പിന്നീട് പല വിവാദങ്ങൾക്കും കാരണമായിരുന്നു. പിന്നീട് വീണ്ടും ലേലത്തില്‍ വയ്ക്കുകയും 43 ലക്ഷം രൂപയ്ക്ക് അത് ലേലത്തില്‍ പോകുകയും ചെയ്തു. അടിസ്ഥാന വിലയുടെ മൂന്ന് ഇരട്ടി നല്‍കിയാണ് ഈ വാഹനം ലേലത്തില്‍ കൊണ്ടുപോയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...