മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള കോടതിയലക്ഷ്യ നടപടികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. സ്‌കൂള്‍ പൂട്ടിയത് ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു . തുടര്‍ന്ന് താക്കോല്‍ സ്‌കൂള്‍ ഉടമയ്ക്ക് കൈമാറുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് തുടര്‍നടപടികള്‍ കോടതി അവസാനിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടിയശേഷം സ്‌കൂള്‍ വീണ്ടും പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാമെന്ന് ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.സ്കൂൾ താൽകാലികമായി കലക്ട്രേറ്റിൽ പ്രവർത്തിക്കാൻ സർവകക്ഷി യോഗത്തിൽ ധാരണയായതിനാൽ സ്കൂൾ പൂട്ടാനെത്തിയ എ.ഇ.ഒ കുസുമത്തെ സംരക്ഷണ സമിതി തടഞ്ഞില്ല.സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം കുട്ടികളെ തിരികെ കൊണ്ടു വരും. 


ഹൈകോടതി അടച്ചുപൂട്ടാൻ ഉത്തരവിട്ട മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടക്കമുള്ള സ്കൂളുകൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിരുന്നു.സുപ്രീംകോടതി വിധിക്ക് വിധേയമായിട്ടാകും സർക്കാർ നടപടി സ്വീകരിക്കുക. സ്കൂൾഏറ്റെടുക്കാൻ തയാറാണെന്ന് സർക്കാർ കോടതിയെ അറിയിക്കും. 


അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന മറ്റ് മൂന്നു സ്കൂളുകളും സമാന രീതിയിൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കും. കൊണ്ടോട്ടി മങ്ങാട്ടുമുറി, തൃശൂർ കിരാലൂർ, കോഴിക്കോട് പാലാട്ട് നഗർ സ്കൂളുകളാണ് ഏറ്റെടുക്കുക. നഷ്ടപരിഹാരത്തെ കുറിച്ച് സർക്കാർ പിന്നീട് തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അറിയിച്ചിരുന്നു.അതേസമയം, സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ നിയമപരമായി നേരിടുമെന്ന് സ്‌കൂള്‍ മാനേജര്‍ വ്യക്തമാക്കി. സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവിട്ടതോടെ കോടതിയില്‍നിന്ന് നീതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.