Nipah virus: നിപ പ്രതിരോധം വിജയം: മലപ്പുറം നിപ മുക്തം, നിയന്ത്രണങ്ങള്‍ ഒഴിവാക്കി
Nipah outbreak in Malappuram: റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസില്‍ നിന്നും മറ്റൊരു കേസും റിപ്പോർട്ട് ചെയ്തില്ല. 42 ദിവസം ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് പൂര്‍ത്തിയാക്കി.
തിരുവനന്തപുരം: മലപ്പുറത്തെ നിപ പ്രതിരോധം വിജയം. ആരോഗ്യ വകുപ്പ് നിശ്ചയിച്ചിരുന്ന ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് ആയ 42 ദിവസം കഴിഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 472 പേരേയും പട്ടികയില്‍ നിന്നും ഒഴിവാക്കി. പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം അവസാനിപ്പിച്ചു. മരണമടഞ്ഞ കുട്ടിയ്ക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചത്. എന്നാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കാരണം മറ്റൊരാളിലേക്ക് രോഗം പകരാതെ തടയാനായി.
ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് കഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു. മറ്റൊരാളിലേക്ക് നിപ വൈറസ് പകരാതെ സംരക്ഷിക്കാനായത് ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനം കൊണ്ടാണ്. കുട്ടിയുടെ മരണം തീരാനഷ്ടമാണെന്നും മന്ത്രി ഓര്‍മ്മിച്ചു. കുടുംബത്തിന്റെ ദു:ഖം സമൂഹത്തിന്റേയും നാടിന്റേയും ദു:ഖമാണ്.
ALSO READ: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടി ചെന്നൈയില്‍; സ്ഥിരീകരിച്ച് പോലീസ്
മലപ്പുറത്ത് നിപ വൈറസ് സംശയിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. മന്ത്രി നേരിട്ട് മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടിരിന്നു. ദിവസവും മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ നടത്തി തുടര്‍നടപടി സ്വീകരിച്ചു. മുഖ്യമന്ത്രി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. നിപ നിയന്ത്രണത്തിനായി നിപ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി 25 കമ്മിറ്റികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രേയ്സിംഗ് അന്ന് രാവിലെ മുതല്‍ ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിപ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. നിപ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിച്ചു.
മഞ്ചേരി മെഡിക്കല്‍ കോളേജിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആവശ്യമായ തീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ താല്ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വണ്ടൂര്‍, നിലമ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങി. മാനസികാരോഗ്യം ഉറപ്പാക്കി. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളില്‍ ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ളവ എത്തിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കി.
പൂര്‍ണമായും അടച്ചിടുന്നതിന് പകരം നിയന്ത്രണമേര്‍പ്പെടുത്തി പ്രതിരോധം ശക്തമാക്കുകയാണ് ചെയ്തത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദു റഹിമാന്‍, എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരുടെ ഇടപെടലുകള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.