കോഴിക്കോട്: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ബി.ജെ.പി നടപടിയെ രൂക്ഷമായി വിമർശിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണക്കേണ്ട ബാധ്യത ബി.ഡി.ജെ.എസിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

മലപ്പുറം ഉപതെരഞ്ഞെടുപ്പിന് സ്ഥാനാർഥിയെ ബിജെപി പ്രഖ്യാപിച്ചത് മുന്നണിയിൽ ആലോചിക്കാതെയാണെന്നു വെള്ളാപ്പള്ളി തുറന്നടിച്ചു. സഖ്യകക്ഷികളോട് ആലോചിക്കാതെ എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനാൽ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിനില്ല. 


മുന്നണി മര്യാദകളുടെ സകലസീമകളും ലംഘിക്കുന്ന നടപടികളാണ് സമീപകാലത്ത് ബിജെപിയിൽ നിന്നുണ്ടാകുന്നതെന്നു കുറ്റപ്പെടുത്തിയ വെള്ളാപ്പള്ളി കേരളത്തിൽ എൻഡിഎ സംവിധാനം പ്രവർത്തിക്കുന്നില്ലെന്നും പറഞ്ഞു.

എൻ.ഡി.എ സ്ഥാനാർഥിയെ തീരുമാനിക്കുമ്പോൾ പിന്തുണക്കണോ എന്ന് അപ്പോൾ ആലോചിക്കും. കേരളത്തിൽ എൻ.ഡി.എ സംവിധാനം പ്രവർത്തിക്കുന്നില്ല. ബി.ഡി.ജെ.എസിനെ വിഴുങ്ങാമെന്ന് കരുതേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.


ബി.ഡി.ജെ.എസ് അണികൾ ബി.ജെ.പിയിൽ ലയിക്കുമെന്ന പ്രതീക്ഷ ആർക്കും വേണ്ട. കേരളത്തിൽ ബി.ജെ.പിയെക്കാൾ ശക്തി ബി.ഡി.ജെ.എസിനുണ്ട്. ഭാവിയിൽ ഏത് മുന്നണിയുമായും പാർട്ടി സഹകരിക്കാൻ സാധ്യതയുണ്ടെന്നും ചാനൽ അഭിമുഖത്തിൽ വെള്ളാപ്പള്ളി വ്യക്തമാക്കി.