Tanur Boat Accident : താനൂർ ബോട്ട് ദുരന്തം അന്വേഷിക്കാൻ 14 അംഗ പ്രത്യേക സംഘം; താനൂർ ഡിവൈഎസ്പിക്ക് ചുമതല
Tanur Boat Accident Investigation : മലപ്പുറം എസ് പിയുടെ മേൽനേട്ടത്തിൽ താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ബോട്ട് ദുരന്തം അന്വേഷിക്കുക
മലപ്പുറം : തനൂർ ബോട്ടപകടം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 14 അംഗ അന്വേഷണ സംഘമാണ് ബോട്ട് ദുരന്തം അന്വേഷിക്കുന്നത്. മലപ്പുറം എസ്പി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. പോലീസിന്റെ അന്വേഷണത്തിന് പുറമെ ജുഡീഷ്യൽ അന്വേഷണം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അപകടത്തിൽ പെട്ട ബോട്ടിന്റെ ഉടമ നാസർ പോലീസിന്റെ പിടിയിലായി.
കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന അപകടത്തിൽ 22 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. മരിച്ചവരിൽ 15 കുട്ടികൾ ഉൾപ്പെടുന്നു. കൂടാതെ അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും ദുരന്തത്തിൽ ജീവൻ നഷ്ടമായി. അപകടത്തിൽ പരിക്കേറ്റ് 10 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നത്. ഇതിൽ 2 പേർ ആശുപത്രി വിട്ടു. ബാക്കി 8 പേർ ചികിത്സയിൽ തുടരുകയാണ്.
അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. രണ്ട് ലക്ഷം രൂപ ധനസഹായം പ്രധാനമന്ത്രിയും പ്രഖ്യാപിച്ചിരുന്നു. കുടാതെ മനുഷ്യാവകാശ കമ്മീഷനും അപകടത്തിൽ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു
ALSO READ : Tanur boat Accident: താനൂര്‍ ബോട്ടപകടം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായവുമായി 2018 സിനിമ നിര്‍മാതാക്കള്‍
ബോട്ടുടമ നാസർ അറസ്റ്റിൽ
കോഴിക്കോട് എലത്തൂരില്‍ വെച്ചാണ് നാസര്‍ അറസ്റ്റിലായത്. കോഴിക്കോട് ഒരു വീട്ടില്‍ ഒളിവിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പിടിയിലായത്. അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു. ഇന്ന് തിങ്കളാഴ്ച ഉച്ചയോടെ നാസറിന്റെ കാര്‍ പോലീസ് കസ്റ്റടിയിലെടുത്തിരുന്നു. നാസറിന്റെ സഹോദരന്‍ സലാം, സഹോദരന്റെ മകന്‍, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവരെയും കൊച്ചി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്. ഹൈക്കോടതിയില്‍നിന്ന് ജാമ്യം തേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലായിരുന്നു ഞായറാഴ്ച രാത്രി മുതല്‍ ഒളിവില്‍ പോയ നാസറിനെ പോലീസ് കണ്ടെത്തിയത്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് കൊച്ചിയിലുണ്ടെന്ന വിവരം കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ കാര്‍ കണ്ടെത്തുന്നത്. കാറിനുള്ളില്‍നിന്ന് നാസറിന്റെ ഫോണും കണ്ടെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...