കര്‍ണാടകയില്‍ ഗുല്‍ബര്‍ഗയിലെ നഴ്സിങ് കോളജില്‍ മലയാളിയായ നഴ്‌സിങ് വിദ്യാര്‍ത്ഥിനി റാഗിങ്ങിനിരയായ സംഭവത്തില്‍ 3 സീനിയര്‍ വിദ്യാര്‍ഥിനികളെ  കോടതി രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നഴ്സിങ് കോളേജിലെ സീനിയര്‍ വിദ്യാര്‍ഥിനികളായ ലക്ഷ്മി, ആതിര, കൃഷ്ണ പ്രിയ എന്നിവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിവൈഎസ്പി എസ് ഝാന്‍വിയുടെ നേതൃത്വത്തില്‍ ഇന്നലെയാണ് ഗുല്‍ബര്‍ഗയിലെ നഴ്സിങ് കോളജില്‍ നിന്നും മലയാളികളായ മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തത്. അവധി കഴിഞ്ഞ്  ഇന്നലെയാണ് ഇവര്‍ കോളജില്‍ തിരിച്ചെത്തിയത്.  അറസ്റ്റിലായ കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര എന്നിവര്‍ കേസിലെ പ്രധാന പ്രതികളാണ്. റാഗിങിനു പുറമെ വധശ്രമം, പട്ടികജാതി പീഡനം എന്നി വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇവര്‍ ഭാഗികമായി കുറ്റം സമ്മതിച്ചതായി ഗുല്‍ബര്‍ഗ എസ്പി എന്‍ ശശികുമാര്‍ പറഞ്ഞു.


 പരാതി അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് നഴ്സിങ് കോളജിനെതിരെയും കര്‍ണാടക പൊലീസ് കേസെടുത്തിട്ടുണ്ട്. 
അതേസമയം അന്വേഷണ സംഘം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തി റാഗിങിനിരയായ അശ്വതിയുടെ മൊഴിയെടുക്കും. ശേഷം കുടുംബാംഗങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് തയ്യാറാക്കിയ എഫ് ഐ ആറിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക പൊലീസ് അന്വേഷണം ആരംഭിച്ചത്. 


മെയ് 9നാണ് എടപ്പാൾ സ്വദേശിയായ അശ്വതിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തത്. സീനിയര്‍ വിദ്യാര്‍ഥികള്‍ ബലമായി ബാത്ത്‌റൂം ക്ലീനര്‍ കുടിപ്പിച്ചതിനെ തുടര്‍ന്ന് ദലിത് വിദ്യാര്‍ഥിനിയുടെ അന്നനാളം വെന്തുരുകിയ നിലയിലായിരുന്നു. കൂടാതെ അതിക്രൂരമായ റാഗിങ്ങിന്‍റെ രംഗങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്‌തു. ബാത്ത്‌റൂം ക്ലീനര്‍ കുടിപ്പിച്ചതോടെ രക്തം ഛര്‍ദ്ദിച്ച് അവശനിലയിലായ കുട്ടിയെ മറ്റു കുട്ടികള്‍ ചേര്‍ന്ന് കര്‍ണാടകയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പൊലീസെത്തി മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും സംസാരിക്കാൻ കഴിയാത്തതിനാൽ തിരിച്ചുപോയി. 


വീണ്ടും മൊഴിയെടുക്കാൻ എത്തുമെന്ന സൂചനയെത്തുടർന്നു മുതിർന്ന വിദ്യാർഥികൾ ആശുപത്രി അധികൃതരുടെ അനുവാദമില്ലാതെ ഡിസ്‌ചാർജ് ചെയ്യിപ്പിക്കുകയായിരുന്നെന്നു പറയുന്നു. പിന്നീട് സഹപാഠികൾക്കൊപ്പം നാട്ടിലെത്തി ചികിത്സ തേടുകയായിരുന്നു. ആദ്യം എടപ്പാളിലെയും പിന്നീടു തൃശൂരിലെയും സ്വകാര്യ ആശുപത്രികളിൽ കൊണ്ടുപോയെങ്കിലും വിദഗ്‌ധ ചികിത്സയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു.