ഗുല്‍ബര്‍ഗ: ബെംഗളൂരുവില്‍ നഴ്‌സിങ്ങിന് പഠിക്കുന്ന ദളിത് വിദ്യാര്‍ഥിനി  ക്രൂരമായ റാഗിങിന് ഇരയായി.ഈ ക്രൂരകൃത്യം ചെയ്തത് മലയാളികളായ സീനിയര്‍ വിദ്യാര്‍ഥിനികളാണെന്ന് വെളിപ്പെടുത്തല്‍.  ക്രൂരമായ റാഗിങിനിരയായ വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അന്നനാളം പൂര്‍ണമായും വെന്ത നിലയിലാണ് വിദ്യാര്‍ഥിനി ചികിത്സക്കെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ് 9നാണ് അശ്വതിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തത്. സീനിയര്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിച്ച് ബാത്ത്‌റൂം ക്ലീനര്‍ കുടിപ്പിച്ചതിനെ തുടര്‍ന്ന് അന്നനാളം വെന്തുരുകിയ നിലയിലാണ് എടപ്പാള്‍ സ്വദേശിനിയായ കുട്ടി.  


പെണ്‍കുട്ടിക്ക് രണ്ട് ദിവസമായി ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴുത്തില്‍ തുളയിട്ട് ട്യൂബ് വഴി ദ്രാവരൂപത്തിലാക്കിയ ഭക്ഷണമാണ് കുട്ടിക്ക് നല്‍കുന്നത്. അടുത്ത ആറുമാസത്തേക്ക് കുട്ടിക്ക് സാധാരണ രീതിയില്‍ വെള്ളം പോലും കുടിക്കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.


ബാത്ത്‌റൂം ക്ലീനര്‍ കുടിപ്പിച്ചതോടെ രക്തം ഛര്‍ദ്ദിച്ച് അവശനിലയിലായ കുട്ടിയെ മറ്റു കുട്ടികള്‍ ചേര്‍ന്ന് കര്‍ണാടകയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു അഞ്ചുദിവസം ചികിത്സിച്ചിട്ടും കുട്ടിയുടെ ആരോഗ്യനിലയില്‍ വ്യത്യാസമുണ്ടാകാത്തതിനെ തുടര്‍ന്ന് കുട്ടിയെ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു.


കര്‍ണാടകയിലാണ് കുട്ടി പരാതി നല്‍കിയിരിക്കുന്നത്. നിര്‍ദ്ധന കുടുംബത്തിലെ പെണ്‍കുട്ടി കഴിഞ്ഞ ഡിസംബറിലാണ് ഗുല്‍ബര്‍ഗ അല്‍ ഖമാര്‍ നഴ്‌സിംഗ് കൊളേജില്‍ ബിഎഎസ്‌സി നഴ്‌സിംഗിനു ചേര്‍ന്നത്. അന്നു മുതല്‍ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ തന്നെ ഉപദ്രവിക്കുമായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. ജാതി വിളിച്ചുള്ള പരാമര്‍ശങ്ങള്‍ തനിക്കു നേരെ നേരത്തെയും സീനിയര്‍ വിദ്യാര്‍ഥികള്‍ നടത്തിയിരുന്നതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.


എന്നാല്‍ അവശനിലയിലായ വിദ്യാര്‍ഥിയില്‍ നിന്നും പോലീസിന് മൊഴിയെടുക്കാനായിരുന്നില്ല. വിഷയത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. കുട്ടിയുടെ ചികിത്സയുടെ മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.