തിരുവനന്തപുരം: കഴുത്തില്‍ ചുറ്റിയ പെരുമ്പാമ്പില്‍ നിന്നും തൊഴിലാളിയെ രക്ഷപ്പെടുത്തുന്ന സുഹൃത്തുക്കളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നെയ്യാർ ഡാം, കള്ളിക്കാട് കിക്ക്മാ കോളേജ് പരിസരത്താണ് സംഭവം.  തൊഴിലുറപ്പ് തൊഴിലാളിയായ കള്ളിക്കാട് പെരുംകുളങ്ങര പത്മ വിലാസത്തിൽ ഭുവനചന്ദ്രൻ നായരുടെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്. 


കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ സമയോചിത ഇടപെടൽ കാരണമാണ് പെരുമ്പാമ്പിന്‍റെ വായിൽ അകപ്പെടാതെ തൊഴിലാളി രക്ഷപ്പെട്ടതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്. 


ചൊവാഴ്ച്ച 11 മണിയോടെയാണ് കാട് വെട്ടി തെളിക്കുകയായിരുന്ന ഭുവനചന്ദ്രന്‍റെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റിയത്. 



കൂടെയുണ്ടായിരുന്ന തൊഴിലാളികളിൽ ഒരാൾ പാമ്പിന്‍റെ കഴുത്തിലും മറ്റൊരാൾ വാലിലും പിടിച്ചു വലിച്ചാണ് പാമ്പിനെ കഴുത്തിൽ നിന്നും വേർപെടുത്തിയെടുത്തത്. 


കുറച്ചു സമയംകൂടി കഴിഞ്ഞിരുന്നുവെങ്കിൽ ശ്വാസം കിട്ടാതെ ഭുവനചന്ദ്രന്‍ നായരുടെ ജീവന് തന്നെ ഭീഷണിയാവുമായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. 


കഴുത്തില്‍ നിന്നും വേര്‍പ്പെടുത്തിയ പാമ്പിനെ നാട്ടുകാര്‍ ചേര്‍ന്ന് ചാക്കിലാക്കുകയും നെയ്യാർ ഡാം വനംവകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. 


സംഭവ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പാമ്പിനെ ഉൾവനത്തിലേക്ക് കയറ്റി വിട്ടു.
കഴുത്തിലെ കഠിനമായ വേദനയെ തുടര്‍ന്ന് ഭുവനചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.