പമ്പ: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു ഈ സാഹചര്യത്തില്‍ വരുന്ന മണ്ഡലമകരവിളക്ക് കാലം പൊലീസിന് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. 


COMMERCIAL BREAK
SCROLL TO CONTINUE READING

മണ്ഡലകാലത്തും പ്രതിഷേധങ്ങള്‍ ഇതേപോലെ തുടര്‍ന്നാല്‍ സുരക്ഷയൊരുക്കാന്‍ ഇപ്പോഴുള്ള സജ്ജീകരണങ്ങള്‍ പോരാതെവരുമെന്നും യുവതികളെ പൊലീസ് കാവലില്‍ മലകയറ്റുക പ്രായോഗികമാകില്ലെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിക്കും. മണ്ഡലകാലത്തിനുമുമ്പ് പ്രശ്‌നപരിഹാരം കണ്ടില്ലെങ്കില്‍ അത് ശബരിമലയില്‍ പ്രതിസന്ധിയുണ്ടാക്കും.


യുവതീപ്രവേശത്തിനെതിരേ ആദ്യദിവസങ്ങളിലെ അക്രമസമരങ്ങളില്‍ നിന്നുമാറി കഴിഞ്ഞദിവസങ്ങളില്‍ വിശ്വാസികള്‍ ശരണംവിളിച്ചും നിലത്ത് കിടന്നുമുള്ള പ്രതിഷേധങ്ങള്‍ക്ക് മുതിര്‍ന്നതോടെ പൊലീസ് പ്രതിരോധത്തിലായി. 


പമ്പയിലും ശരണപാതയിലും സന്നിധാനത്തുമുള്ള ആയിരക്കണക്കിന് ഭക്തര്‍കൂടി ആചാരസംരക്ഷണത്തിനായി സ്വയം രംഗത്തിറങ്ങിയതും പൊലീസിനെ വലച്ചു.


പ്രതിഷേധക്കാരെ കണ്ടെത്തി മലയില്‍നിന്ന് ഒഴിവാക്കിയാല്‍ യുവതികള്‍ക്ക് ശബരിമലയാത്ര എളുപ്പമാകുമെന്ന പൊലീസിന്‍റെ കണക്കുകൂട്ടലാണ് തെറ്റിയത്. തീര്‍ഥാടകരെ ബലപ്രയോഗത്തിലൂടെ നീക്കുന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമെന്നതിനാല്‍ അത് ഒഴിവാക്കാനാണ് മുകളില്‍നിന്നുള്ള നിര്‍ദേശം.


തുലാമാസപൂജകള്‍ക്ക് നടതുറന്നപ്പോള്‍ ഒരു എ.ഡി.ജി.പി.യുടെ നേതൃത്വത്തില്‍ ഒരു ഐ.ജി.യും മൂന്ന് എസ്.പി.മാരുമാണ് സുരക്ഷാച്ചുമതല നിര്‍വഹിച്ചത്. പ്രതിഷേധം ശക്തമായതോടെ ഒരു ഐ.ജി.കൂടി പമ്പ, സന്നിധാനം ചുമതലയിലേക്ക് വന്നു. 


2000 പൊലീസുകാരെയാണ് ആദ്യം നിശ്ചയിച്ചതെങ്കില്‍ പിന്നീടത് 4000 ആക്കി. മാസപൂജാ സമയത്ത് ഇത് അസാധാരണമാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചത് പ്രതിഷേധം തണുപ്പിക്കാനാണെങ്കിലും വിശ്വാസസംരക്ഷണ കൂട്ടായ്മകള്‍ പ്രതിരോധരീതി മാറ്റി. അവരും ബലപ്രയോഗം ഒഴിവാക്കി സമാധാന രീതികളിലേക്ക് വന്നു. 


വെള്ളിയാഴ്ച മുതല്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള അയ്യപ്പന്മാരും ശരണമന്ത്ര പ്രതിഷേധത്തിലേക്ക് വന്നു. ശബരിമലയെ രക്ഷിക്കാന്‍ ആചാരമാണ് രക്ഷിക്കേണ്ടതെന്ന് എഴുതിയ വസ്ത്രം ധരിച്ച് ഇവരും വിവിധയിടങ്ങളില്‍നിന്ന് ശരണം മുഴക്കി.


വരുന്ന യുവതികളെ കാര്യംപറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് പൊലീസ്. പ്രതികൂല കാലാവസ്ഥയും എതിര്‍പ്പുകളും സുരക്ഷയൊരുക്കുന്നതിലെ പരിമിതിയും അവര്‍ ചൂണ്ടിക്കാട്ടുന്നു. 


സുരക്ഷാ സന്നാഹങ്ങളുമായി ദിവസം പലവട്ടം മലകയറുന്നതും പ്രായോഗികമല്ല. ഭൂപ്രകൃതി അറിയാതെ മലകയറാന്‍ ശ്രമിച്ച് വിഷമിക്കുന്നതിനിടെ എതിര്‍പ്പുകളുംകൂടി വന്നതോടെ ആക്ടിവിസ്റ്റുകളും ശ്രമം ഉപേക്ഷിച്ചു.


ഇതുവരെ വന്ന യുവതികളില്‍ ഭൂരിഭാഗവും ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരുമായിരുന്നു. വാര്‍ത്ത സൃഷ്ടിക്കാന്‍വേണ്ടി വരുന്നവര്‍ക്ക് സൗകര്യവും സംരക്ഷണവും തുടര്‍ച്ചയായി ഒരുക്കാന്‍ പറ്റില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അവരില്‍ പലരോടും അനൗദ്യോഗികമായി അറിയിച്ചത്.