Mango Theft Case: മാങ്ങ മോഷ്ടിച്ച പോലീസുകാരനും സേനയ്ക്ക് പുറത്ത്; സിപിഒ ഷിഹാബിനേയും പിരിച്ചുവിട്ടു
Mango Theft Case: 2019 ല്‍ മുണ്ടക്കയം പോലീസ് രജിസ്റ്റര്‍ചെയ്ത ബലാത്സംഗ കേസിലും സ്ത്രീകളെ ശല്യംചെയ്ത കേസിലും ഷഹാബ് പ്രതിയാണെന്നാണ് പോലീസ് അറിയിച്ചത്.
കാഞ്ഞിരപ്പള്ളി: മാങ്ങാ മോഷണക്കേസിലെ പ്രതി സിപിഒ ഷിഹാബിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ കെ.എം. വെജിറ്റബിള്‍സ് എന്ന പച്ചക്കറി മൊത്തവ്യാപാര കടയ്ക്ക് മുന്‍പില്‍ ഇറക്കിവെച്ചിരുന്ന പെട്ടിക്കുള്ളില്‍നിന്ന് അറുന്നൂറ് രൂപ വിലവരുന്ന 10 കിലോ പച്ചമാങ്ങ മോഷ്ടിച്ചതാണ് ഷിഹാബിനെതിരെയുള്ള പരാതി.ജോലികഴിഞ്ഞെത്തിയ ഷിഹാബ് മാങ്ങാ പെറുക്കി സ്‌കൂട്ടറിലിടുന്നത് കടയ്ക്ക് മുന്‍പില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി.യില്‍ പതിഞ്ഞിരുന്നു. കടയുടമ സി.സി.ടി.വി. ദൃശ്യമടക്കം നല്‍കിയ പരാതിയിലാണ് കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തത്.
എന്നാല്‍ ഇതിനിടയില്‍ കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. മൊത്തം സേനയ്ക്ക് നാണക്കേടുണ്ടാക്കിയ പ്രതി ഇനി സര്‍വ്വീസില്‍ തുടരേണ്ട എന്ന നിലപാടാണ് കേരള പോലീസും സര്‍ക്കാരും എടുത്തിരിക്കുന്നത്. ഇടുക്കി എ.ആര്‍. ക്യാമ്പിലെ സി.പി.ഒ.യും കൂട്ടിക്കല്‍ സ്വദേശിയുമായ പുതുപ്പറമ്പില്‍ പി.വി. ഷിഹാബിനെ സേനയില്‍നിന്ന് പിരിച്ചുവിട്ട് ഉത്തരവായി.ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ ശുപാര്‍ശപ്രകാരമാണ് നടപടി. നിലവില്‍ രണ്ട് കേസ് ഷിഹാബിനെതിരേ കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
ALSO READ: ആദിവാസി യുവതിയുടേത് കൊലപാതകം തന്നെ; പ്രതി കുറ്റം സമ്മതിച്ചു
2019 ല്‍ മുണ്ടക്കയം പോലീസ് രജിസ്റ്റര്‍ചെയ്ത ബലാത്സംഗ കേസിലും സ്ത്രീകളെ ശല്യംചെയ്ത കേസിലും പ്രതിയായിരുന്നു ഷിഹാബെന്ന് പോലീസ് അറിയിച്ചിരുന്നു. ഈ കേസുകളില്‍ വിചാരണ നടന്നുവരവെയാണ് മാങ്ങാ മോഷ്ടിച്ച കേസില്‍ ഷിഹാബ് പ്രതിയാകുന്നത്.ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും പുറത്തുപോകുന്ന മൂന്നാമത്തെ പോലീസ് ഉദ്യോഗസ്ഥനാണ് ഷിഹാബ്. കഴിഞ്ഞ ദിവസം ഭാര്യയെ കാണാനായി ബ്രിട്ടനില്‍ പോയി തിരിച്ചെത്താത്ത പോലീസുകാരനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. കരിങ്കുന്നം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ജിമ്മി ജോസിനെതിരെയാണു നടപടിയെടുത്തത്.
അതിനു മുന്നേ സേനയില്‍ നിന്നും പിരിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥനായിരുന്നു ബേപ്പൂര്‍ കോസ്റ്റല്‍ സി.ഐ പി. ആര്‍ സുനു. ബലാത്സംഗം അടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളാണ് സുനുവിനെതിരേയുണ്ടായിരുന്നത്. ഇതില്‍ 4 എണ്ണം പീഡനവുമായി ബന്ധപ്പെട്ട കേസുകളാണ്. 15 തവണ ഇയാള്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചിട്ടുണ്ടായിരുന്നു. സര്‍വ്വീസ് കാലയളവില്‍ തന്നെ 6 സസ്‌പെന്‍ഷന്‍. അവസാനം തട്ടിപ്പുകേസിലെ പ്രതിയുടെ ഭാര്യയെ പീഡിപ്പിച്ചെന്ന പരാതികൂടി ആയപ്പോഴാണ് പിരിച്ചു വിടല്‍ നടപടി സ്വീകരിച്ചത്. ഇത്തരത്തില്‍ സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നവര്‍ ഇനി സര്‍വ്വീസില്‍ തുടരേണ്ട എന്ന നിലപാടിലാണ് സര്‍ക്കാരും പോലീസ് മേധാവികളും സ്വീകരിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം ഭാര്യയെ കടിച്ച അയല്‍ വീട്ടിലെ നായയെ പോലീസ് ഉദ്യോഗസ്ഥന്‍ അടിച്ചു കൊന്ന കേസില്‍ ചാത്തന്നൂര്‍ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനും നെടുമങ്ങാട് സ്വദേശിയുമായ പ്രശാന്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ വകുപിു തലത്തില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...