തിരുവനന്തപുരം: പൊടിയരിക്കഞ്ഞി വിൽപ്പനക്കാരനിൽ നിന്ന് അതിവേഗം വളർന്ന് തലസ്ഥാനത്തെ അബ്കാരി വ്യാപാരിയായി മാറിയ ചന്ദ്രൻ എന്ന മണിച്ചൻ്റെ വളർച്ച പെട്ടെന്നായിരുന്നു. ഉദ്യോഗസ്ഥ ഭരണ സംവിധാനങ്ങളെ പോലും നിയന്ത്രിച്ചിരുന്ന മണിച്ചന് ജീവിതത്തിൽ വീഴ്ചയുണ്ടാകുന്നതും അതിവേഗം തന്നെ. 22 വർഷവും മണിച്ചനെ മോചിപ്പിക്കണമെന്ന അപേക്ഷ ജയിൽ ഉപദേശക സമിതി തള്ളുകയായിരുന്നു. ഒടുവിൽ ഉന്നതാധികാര സമിതി രക്ഷയ്ക്കെത്തി. ജയിൽ മോചനം സംബന്ധിച്ച ഫയലിൽ ഒപ്പുവച്ച ഗവർണർ എല്ലാവശങ്ങളും പരിശോധിച്ചാണ് അന്തിമ തീരുമാനമെടുത്തത് എന്നുള്ളതാണ് ശ്രദ്ധേയം.


COMMERCIAL BREAK
SCROLL TO CONTINUE READING

കൃത്യം 22 വർഷങ്ങൾക്ക് മുമ്പുള്ള ഒരു ഒക്ടോബറിലാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തമുണ്ടാകുന്നത്. 2000 ഒക്ടോബർ 21 ന് നടന്ന വ്യാജമദ്യദുരന്തത്തിൽ 31 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കൂടാതെ, ആറ് പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. 150 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.  വീട്ടിലെ ഭൂഗർഭ അറകളിലാണ് മണിച്ചൻ വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തത്തിൻ്റെ വ്യാപ്തി വർധിക്കാൻ കാരണമായത്. കേസിൽ മണിച്ചനും കൂട്ടുപ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചൻ രണ്ട് നൂറ്റാണ്ടിലേറെ തടവ് പൂർത്തിയാക്കി. ഇയാളുടെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി നേരത്തെ മോചിപ്പിച്ചിരുന്നു. 



ആരാണ് മണിച്ചൻ?


തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് സർക്കാർ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊടിയരിക്കഞ്ഞി വിറ്റായിരുന്നു ചന്ദ്രനെന്ന അബ്കാരി വ്യാപാരിയായ മണിച്ചൻ്റെ ജീവിതത്തുടക്കം. പണ്ടകശാല സ്വദേശിയായ ഇയാൾ പിന്നീട് വ്യാജവാറ്റിനിടെ ഒരിക്കൽ എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. ഉദ്യോഗസ്ഥരുടെ പിടിയിലായ മണിച്ചൻ ജാമ്യത്തിലിറങ്ങിയ ശേഷവും വാറ്റ് തുടരുകയായിരുന്നു. സ്പിരിറ്റ് കച്ചവടക്കാരും നഗരത്തിലെ പ്രമാണിമാരുമായി നല്ല ബന്ധം സ്ഥാപിച്ചു. 


2004 ൽ എ.കെ. ആൻ്റണി മുഖ്യമന്ത്രിയായിരിക്കെ ചാരായം നിരോധിച്ചതോടെ കള്ള്ഷാപ്പ് ലേലത്തിലേക്ക് നീങ്ങി. ആദ്യം ചിറയിൻകീഴ് കേന്ദ്രീകരിച്ചും പിന്നീട്, വാമനപുരം, വർക്കല മേഖലകൾ കേന്ദ്രീകരിച്ചും വ്യാജവാറ്റും ചാരായ വിൽപ്പനയും നടത്തി. മണിച്ചൻ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടും ഉദ്യോഗസ്ഥർ നടപടിയെടുത്തില്ല. ഉദ്യോഗസ്ഥർക്ക് പുറമേ രാഷ്ട്രീയക്കാരെയും മണിച്ചനും സഹോദരങ്ങളും അന്നേ കൈക്കലാക്കിയിരുന്നു. ഇത്തരക്കാരുമായി സൗഹൃദ ബന്ധം സ്ഥാപിച്ച ശേഷമായിരുന്നു വ്യക്തിപരമായ അടുപ്പം നിലനിർത്തിയിരുന്നത്. അത് ചാരായവും മദ്യവും ഉൾപ്പടെയുള്ള പലവിധ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്തു.


അതിർത്തികൾ കടന്ന് വ്യാപകമായ തരത്തിൽ സ്പിരിറ്റൊഴുകി. നിയന്ത്രിക്കാൻ ആരുമില്ല. ഉദ്യോഗസ്ഥർ പിടികൂടിയാൽ പോലും ഉന്നത സ്വാധീന ബന്ധം ഉപയോഗിച്ച് രക്ഷപ്പെടുന്നു. തിരുവനന്തപുരം റെയ്ഞ്ചിൽ ആളുകളുമായി നല്ല ബന്ധം സ്ഥാപിച്ച ശേഷം നടന്ന വിഷമദ്യ ദുരന്തത്തിനിടെ ഒരു ഘട്ടത്തിൽ മണിച്ചൻ നിൽക്കക്കള്ളിയില്ലാതെ ഒളിവിൽ പോകുന്നു. ഒളിവിൽ പോയ ഇയാൾ ശത്രുപക്ഷത്ത് നിൽക്കുന്നവർക്കെതിരെ ഗൂഡാലോചന ആരോപിച്ച് രംഗത്തെത്തിയതും അന്ന്  വാർത്ത തലക്കെട്ടുകളിൽ ഇടം പിടിച്ചിരുന്നു.


Also Read: കല്ലുവാതുക്കൽ മദ്യദുരന്തക്കേസ്; മണിച്ചന് മോചനം; 20 ലക്ഷം പിഴയൊടുക്കണം


പിന്നീട്, മണിച്ചനെ പിടികൂടി. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തത്തിൻ്റെ വ്യാപ്തി വർധിക്കാൻ കാരണമായതെന്നും തെളിഞ്ഞു. കേസിൽ മണിച്ചനും കൂട്ടുപ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. 2002 ജൂലൈ 16ന് മണിച്ചൻ ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ കൊല്ലം സെക്ഷൻസ് കോടതി ശിക്ഷ വിധിച്ചു. സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചുവെങ്കിലും കൊലപാതകക്കുറ്റം കോടതി ഒഴിവാക്കി. അബ്കാരി കേസ് മാത്രമാക്കി നിജപ്പെടുത്തി.


അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ ഐപിഎസ് ഓഫീസർ സിബി മാത്യൂസിനെ ജയിലിൽ വധിക്കാൻ ശ്രമിച്ച കേസിലും നാല് വർഷം ശിക്ഷ അനുഭവിച്ചു. മണിച്ചൻ തിരുവനന്തപുരം സെൻട്രൽ ജയിലിലെ നല്ലനടപ്പുകാരൻ കൂടിയായിരുന്നു. ഇയാളെ പിന്നീട് നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് മാറ്റി. ശിക്ഷായിളവ് വേണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയെങ്കിലും ഉപദേശകസമിതി പല തവണയും റിപ്പോർട്ട് തള്ളി. പൊലീസ് റിപ്പോർട്ടും അനുകൂലമായിരുന്നില്ല. ഒടുവിൽ, ജയിൽ വകുപ്പിൻ്റെ ഉന്നതാധികാരസമിതിയുടെ തീരുമാനം മണിച്ചന് അനുകൂലമായി. 31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്ന മണിച്ചൻ 22 വർഷത്തിന് ശേഷം അഴിക്കുള്ളിൽ നിന്ന് പുറത്തേക്ക് എത്തുന്നു. പിഴയിനത്തിലുള്ള 20 ലക്ഷം രൂപ അടച്ചാൽ മാത്രമേ പൂർണ്ണമായും ജയിലിൽ നിന്ന് മോചിതനാകാനൂ.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.


Also read: കല്ലുവാതുക്കൽ മദ്യദുരന്ത കേസ്: ജയിൽമോചിതനായ മണിച്ചന് എന്ന് പുറത്തിറങ്ങാനാകും; നടപടിക്രമങ്ങൾ ഇങ്ങനെ