സംഘര്‍ഷം: മനിതി സംഘം തിരിച്ചിറങ്ങി
ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്.
പമ്പ: ശബരിമല ദര്‍ശനത്തിനായി എത്തിയ മനിതി കൂട്ടായ്മയിലെ യുവതികള്‍ തിരിച്ചിറങ്ങി. പ്രതിഷേധം ശക്തമായതോടെ ഇവര്‍ തിരിച്ചിറങ്ങിയത്.
നൂറുകണക്കിന് പ്രതിഷേധക്കാര്‍ സംഘടിച്ച് പൊലീസിനെതിരെ തിരഞ്ഞതോടെ മനിതി കൂട്ടായ്മയിലെ സ്ത്രീകളുമായി പൊലീസ് താഴേക്ക് പോവുകയായിരുന്നു.
പമ്പയിലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ഇവരെ സന്നിധാനത്തേക്ക് പൊലീസ് അകമ്പടിയോടെ കൊണ്ടുപോയത്. ശബരിമലയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത വിധമുള്ള നാടകീയ രംഗങ്ങളാണ് നീലിമയ്ക്ക് താഴെ അരങ്ങേറിയത്.
പൊലീസും പ്രതിഷേധക്കാരും തമ്മില്‍ കയ്യാങ്കളിയുണ്ടാകുകയും യുവതികളെ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോള്‍ നിലയ്ക്കലിലുള്ള യുവതികളെ സുരക്ഷിതമായി കേരള അതിര്‍ത്തി കടത്തി വിടാനാണ് ഇനി പൊലീസിന്‍റെ പദ്ധതി.
നാല്‍പത് പേരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ഇതില്‍ അഞ്ചുപേര്‍ അമ്പത് വയസ് കഴിഞ്ഞവരാണ്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ സംഘത്തിലുണ്ടെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്.
സംഘത്തെ മധുരയില്‍ വിശ്വഹിന്ദു പരിക്ഷത്ത് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഈ നീക്കം പൊളിക്കുകയും ചെയ്തിരുന്നു.
മനിതി അംഗങ്ങള്‍ കുമളി കമ്പംമേട് വഴി എത്തുമെന്ന സൂചനയെ തുടര്‍ന്ന് ഈ പാതയില്‍ ആര്‍എസ്‌എസ് ബിജെപി പ്രവര്‍ത്തകര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.
എന്നാല്‍ കമ്പംമേട്, കട്ടപ്പന, കുട്ടിക്കാനം, മുണ്ടക്കയം വഴിയാണ് സംഘം നീങ്ങിയത്. പലസംഘങ്ങളായി തിരിഞ്ഞായിരുന്നു യാത്ര.