പത്തനംതിട്ട: പമ്പ മണിയാര്‍ ഡാമിന് ഗുരുതര തകരാര്‍ ഉള്ളതായി കണ്ടെത്തി. പ്രളയ സമയത്തെ ശക്തമായ വെള്ളപ്പാച്ചിലിലാകാം തകരാര്‍ സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

അണക്കെട്ടിന്റെ രണ്ടാം ഷട്ടറിനു താഴെ കോണ്‍ക്രീറ്റ് ഇളകി മാറിയിട്ടുണ്ട്. അണക്കെട്ടിന്റെ സംരക്ഷണ ഭിത്തിയും ഷട്ടറിന്റെ താഴെയുള്ള വിള്ളലുകളും ഗുരുതരമാണെന്നും ഡാം പരിശോധിച്ച ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ പറഞ്ഞു.



കഴിഞ്ഞ മാസം 15ന് അണക്കെട്ട് കവിഞ്ഞ് വെള്ളമൊഴുകിയിരുന്നു. നാല് ഷട്ടറുകള്‍ തുറന്നാണ് ജലനിരപ്പ് നിയന്ത്രിച്ചത്.


നാല് ഷട്ടറുകള്‍ തുറന്നെങ്കിലും വലതുഭാഗത്തെ രണ്ടാം നമ്പര്‍ ഷട്ടര്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. വെള്ളം ഷട്ടറിനു മുകളിലൂടെ കുത്തിയൊഴുകുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇതാണ് ഷട്ടറിനു താഴെ കോണ്‍ക്രീറ്റ് അടര്‍ന്നു പോകാന്‍ കാരണമായത്. ഇതിനോട് ചേര്‍ന്ന് ഒന്നാം നമ്പര്‍ ഷട്ടറിനു താഴെയും ഇത്തരത്തില്‍ കോണ്‍ക്രീറ്റ് ഇളകിയിട്ടുണ്ട്.


ഡാമിന്റെ സ്ഥിതി ഗുരുതരമെന്ന് രാജു എബ്രഹാം എംഎല്‍എയും ആരോപിച്ചു.


സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതിയാണ് മണിയാറിലേത്. 1995 മുതലാണ് മണിയാറില്‍ നിന്ന് വൈദ്യുതോല്‍പാദനം തുടങ്ങിയത്.