കോഴിക്കോട് കാട്ടിൽ പീടികയിൽ കാറിൽ മുളക് പൊടി വിതറി പണം കവർന്നെന്ന പരാതിയിൽ വൻ ട്വിസ്റ്റ്. സംഭവത്തിൽ പരാതിക്കാരൻ തന്നെയാണ് പ്രതിയെന്ന് പൊലീസ്. പരാതിക്കാരനായ സുഹൈലും സുഹൃത്തുക്കളും ചേർന്ന് നടത്തിയ ആസൂത്രിത തട്ടിപ്പ് ആണ് ഇതെന്ന് പൊലീസ് കണ്ടെത്തി.
കേസിൽ സുഹൈലും രണ്ട് സുഹൃത്തുക്കളും പിടിയിലായി. സുഹൈലിന്റെ കൂട്ടാളി താഹയിൽ നിന്നും 37 ലക്ഷം രൂപ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കൂടുതൽ പ്രതികൾ ഉണ്ടെന്ന് സംശയം.
തുടക്കത്തിൽ തന്നെ പരാതി സംബന്ധിച്ച് പൊലീസിന് സംശയങ്ങളുണ്ടായിരുന്നു. സുഹൈലിന്റെ മൊഴികളിലെ വൈരുദ്ധ്യങ്ങളാണ് കേസിൽ വഴിതിരിവായത്. 25 ലക്ഷം രൂപ നഷ്ടമായെന്ന് സുഹൈൽ പറഞ്ഞപ്പോൾ 75 ലക്ഷം പോയെന്നായിരുന്നു സ്വകാര്യ ഏജൻസി വ്യക്തമാക്കിയത്.
അന്വേഷണത്തിൽ കുരുടിമുക്കിൽ നിന്നും സംശയകരമായ ഒന്നും കണ്ടെത്താൻ പൊലീസിനും സാധിച്ചില്ല. സ്ഥലത്ത് ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതും പൊലീസിന്റെ സംശയങ്ങൾ വർദ്ധിപ്പിച്ചു.
എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്;
പരാതിക്കാരനായ സുഹൈല്‍ ഇന്ത്യ വണ്‍ എ.ടി.എമ്മില്‍ പണംനിറയ്ക്കുന്ന ഏജന്‍സിയിലെ ജീവനക്കാരനാണ്. പയ്യോളി സ്വദേശി മുഹമ്മദാണ് ഇന്ത്യ വണ്‍ എ.ടി.എമ്മില്‍ പണംനിറയ്ക്കുന്നത് കരാറെടുത്തത്. എ.ടി.എമ്മില്‍ നിറയ്ക്കുന്നതിനായി ബാങ്കില്‍നിന്ന് പിന്‍വലിച്ച പണവുമായി കെ.എല്‍.56 ഡബ്ള്യു 3723 നമ്പര്‍ കാര്‍ ഓടിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് കൊയിലാണ്ടിയില്‍നിന്ന് അരിക്കുളം കുരുടിമുക്ക് ഭാഗത്തേക്ക് പോകുകയായിരുന്നു.
ഉച്ചയ്ക്ക് 12 മണിക്ക് കാര്‍ അരിക്കുളം പഞ്ചായത്ത് ഓഫീസ് കഴിഞ്ഞുള്ള കയറ്റം കയറുന്നതിനിടയില്‍ പര്‍ദ ധരിച്ച് നടന്നുവരുകയായിരുന്ന രണ്ടുപേരില്‍ ഒരാള്‍ കാറിന്റെ ബോണറ്റിലേക്കു വീണു. സുഹൈല്‍ കാര്‍ നിര്‍ത്തിയപ്പോള്‍ പര്‍ദധരിച്ച മറ്റേയാള്‍ കാറിന്റെ അല്പം ഉയര്‍ത്തിയ ചില്ലിനുള്ളിലൂടെ അകത്തേക്ക് കൈയിട്ട് പരാതിക്കാരന്റെ വായും മൂക്കും പൊത്തിപ്പിടിച്ചു.
ഇതിനിടയില്‍ മറ്റേയാള്‍ കാറിന്റെ പുറകില്‍ക്കയറി പരാതിക്കാരനെ കാറിന്റെ പിന്‍സീറ്റിലേക്ക് വലിച്ചിട്ടശേഷം കാലും കൈയും കെട്ടിയിട്ട് ശരീരമാസകലം മുളകുപൊടിവിതറി. തുടര്‍ന്ന് ബോധരഹിതനാക്കി കാര്‍ അവര്‍ ഓടിച്ചുപോകുകയായിരുന്നു. ഇതിനിടെ കാറിന്റെ മുന്‍സീറ്റില്‍ ബാഗില്‍ വെച്ചിരുന്ന തുക കവര്‍ച്ചചെയ്തശേഷം സുഹൈലിനെ കാട്ടിലപ്പീടികയില്‍ ഉപേക്ഷിച്ചുവെന്നാണ് കേസ്.
കാട്ടിലപ്പീടിക മുജാഹിദ് പള്ളിക്കു സമീപം ശനിയാഴ്ച വൈകുന്നേരം 3.30-ഓടെയാണ് സുഹൈലിനെ കാറില്‍ കണ്ടത്. ഇയാളുടെ ശരീരത്തിലും കാറിനുള്ളിലും മുളകുപൊടി വിതറിയ നിലയിലായിരുന്നു. കൈയും കാലും കയറുകൊണ്ട് ബന്ധിച്ചിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് കെട്ടഴിച്ചശേഷമാണ് പുറത്തേക്കെത്തിച്ചത്. സാധാരണ എ.ടി.എമ്മില്‍ പണം നിറയ്ക്കാന്‍ പോകുമ്പോള്‍ തന്നോടൊപ്പം മറ്റൊരാള്‍കൂടി ഉണ്ടാകുമെന്നും ശനിയാഴ്ച അദ്ദേഹം അവധിയായതിനാല്‍ ഒറ്റയ്ക്ക് പോയെന്നുമാണ് സുഹൈല്‍ പോലീസിനോട് പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.