കാശ്മീരിലെ കത്തുവയില്‍ എട്ടുവയസുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തശേഷം കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി മഞ്ജു വാര്യര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

കത്തുവ എന്ന നാടിന്റെ പേര് കേൾക്കുമ്പോൾ ഇപ്പോൾ ഹൃദയമുള്ളവരുടെയെല്ലാം ഉള്ള് കത്തുകയായിരിക്കണമെന്നും കാശ്മീരിൽ നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ എട്ടു വയസുകാരിയുടെ ആരും കേൾക്കാതെ പോയ വിതുമ്പലുകൾക്കെന്നും മഞ്ജു തന്‍റെ ഫേസ്ബുക്ക്‌ കുറിപ്പില്‍ പറയുന്നു. 


തകർന്നു പോയ അവളുടെ ശിരസിന് പകരമായി ഈ രാജ്യം തലകുനിച്ച് നിന്ന് അത് പകരമായി അറുത്തു നല്കുകയാണ് വേണ്ടതെന്നും  ഓരോ ഭാരതീയനും അവളോട് മാപ്പു ചോദിക്കേണ്ട നേരമാണിതെന്നും മഞ്ജു പറഞ്ഞു. 


സംഭവത്തില്‍ പ്രതിഷേധിച്ച്  എഴുത്തുകാരി ലീന മണിമേഖല, ടെന്നീസ് താരം സാനിയ മിര്‍സ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. 


മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:


കത്തുവ എന്ന നാടിന്റെ പേര് കേൾക്കുമ്പോൾ ഇപ്പോൾ ഹൃദയമുള്ളവരുടെയെല്ലാം ഉള്ള് കത്തുകയായിരിക്കണം. കാശ്മീരിൽ നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ എട്ടു വയസുകാരിയുടെ ആരും കേൾക്കാതെ പോയ വിതുമ്പലുകൾക്ക്. തകർന്നു പോയ അവളുടെ ശിരസിന് പകരമായി ഈ രാജ്യം തലകുനിച്ച് നിന്ന് അത് പകരമായി അറുത്തു നല്കുകയാണ് വേണ്ടത്. ഓരോ ഭാരതീയനും അവളോട് മാപ്പു ചോദിക്കേണ്ട നേരമാണിത്. ഒന്നും പകരമാകില്ല, കുങ്കുമപ്പൂ പോലെയുളള ആ കുരുന്നിന്റെ ജീവനും അഭിമാനത്തിനും.. ഓരോ തവണയും നമ്മുടെ പെൺകുഞ്ഞുങ്ങൾ വലിയൊരു കരച്ചിലായി അവസാനിക്കുമ്പോൾ നാം രോഷാകുലരാകും, പ്രതികരിക്കും. പക്ഷേ അവിടെ തീരുന്നു എല്ലാം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തക്കവണ്ണം നമ്മുടെ നിയമ വ്യവസ്ഥ ശക്തിപ്പെടുന്ന കാലത്തേ കത്തുവയിലേതുപോലുള്ള കൊടും ക്രൂരതകൾക്ക് അറുതിയാകൂ. അതുണ്ടാകാത്തിടത്തോളം, മാറാത്ത വ്യവസ്ഥയ്ക്ക് മുന്നിൽ നിന്നു കൊണ്ട് നമുക്ക് ഇനിയുമിനിയും ഓരോരുത്തരെയോർത്ത് കണ്ണീർ പൊഴിക്കാം.