കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് ഇന്ന്‍ തുടക്കമാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

സര്‍ക്കാര്‍ സാങ്കേതിക ഉപദേഷ്ടാവായി നിയമിച്ച ശരത് ബി സര്‍വാതെ ഇന്നലെ വൈകുന്നേരം കൊച്ചിയിലെത്തി.


എറണാകുളത്തെ ഗസ്റ്റ് ഹൗസില്‍ കഴിയുന്ന അദ്ദേഹം ഇന്നു രാവിലെ മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ സന്ദര്‍ശിക്കും.


ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കുന്നതിനുള്ള മേല്‍നോട്ടം വഹിക്കുന്നതിനും പൊളിക്കാനുള്ള കമ്പനികളെ കണ്ടെത്തുന്നതിനുമാണ് സര്‍വാതെയെ ഉപദേശകനായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. 


ഫ്ലാറ്റുകള്‍ സന്ദര്‍ശിച്ചശേഷം അദ്ദേഹം ഫ്ലാറ്റ് പൊളിക്കുന്നതിന് പരിഗണിക്കുന്ന കമ്പനികളുമായും കൂടിക്കാഴ്ച നടത്തും അതിനുശേഷമായിരിക്കും തീരുമാനം എടുക്കുന്നത്. 


ഇരുനൂറോളം കെട്ടിടങ്ങള്‍ പൊളിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടിയിട്ടുള്ള ആളാണ് ശരത് ബി സര്‍വാതെ. പൊളിക്കുന്നത് സംബന്ധിച്ചുള്ള പൊതുവായ കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചിരുന്നു.


നിയന്ത്രിത സ്ഫോടനം നേരിട്ടുനടത്തി പരിചയമുള്ള ഒരാള്‍ ഒപ്പമുണ്ടാകുന്നത് നല്ലതാണെന്ന് പൊളിക്കലിന്‍റെ ചുമതലയുള്ള ഫോര്‍ട്ട്‌ കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ശരത് ബി സര്‍വാതെയെ സര്‍ക്കാര്‍ നിയമിച്ചത്.  


ഇതിനിടയില്‍ ഫ്ലാറ്റുകള്‍ക്ക് ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ മൂന്നംഗസമിതി കൂടുതല്‍ സമയം അനുവദിച്ചു. ഉടമകള്‍ക്ക് നഷ്ടപരിഹാരം തീരുമാനിക്കാന്‍ വേണ്ടി മൂന്നംഗസമിതി നടത്തിയ ആദ്യ യോഗത്തിലാണ് ഈ തീരുമാനം.