കോഴിക്കോട്: നാദാപുരം ഭാഗത്ത് അഞ്ചാംപനി പടരുന്നു. ഇന്നലെ പുതുതായി ആറ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ നാദാപുരത്ത് അഞ്ചാം പനി ബാധിച്ചവരുടെ എണ്ണം 32 ആയി ഉയർന്നു. അതേസമയം, ജനങ്ങൾ വാക്സിൻ എടുക്കുന്നതിൽ വിമുഖത കാണിക്കുന്നത് ആരോഗ്യ പ്രവർത്തകർക്ക് വലിയ വെല്ലുവിളിയാകുകയാണ്. വാക്സിൻ സ്വീകരിക്കുന്നതിലൂടെ മാത്രമേ പകർച്ചവ്യാധിയെ നേരിടാൻ സാധിക്കൂവെന്ന് ആരോഗ്യപ്രവർത്തകർ ശക്തമായ ബോധവത്കരണ പരിപാടികൾ നടത്തിയിട്ടും ജനങ്ങൾ വാക്സിൻ സ്വീകരിക്കാൻ വിമുഖത കാണിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ അഞ്ചാംപനി വ്യാപിക്കുന്നത് ആശങ്ക പടർത്തുകയാണ്. തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വലിയ രീതിയിൽ മീസിൽസ് അണുബാധ വ്യാപിക്കുകയാണ്. മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് മീസിൽസ് അഥവാ അഞ്ചാംപനി. ശ്വാസം, ഉമിനീർ, മലിനമായ പ്രതലത്തിൽ സ്പർശിക്കുക, ആലിംഗനം തുടങ്ങിയ സമ്പർക്കങ്ങളിലൂടെയാണ് അഞ്ചാംപനി അതിവേ​ഗത്തിൽ പടരുന്നത്.


ALSO READ: Measles outbreak in Mumbai: അഞ്ചാം പനി പടരുന്നു; സുരക്ഷിതരായിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ


മീസിൽസ് അണുബാധ ചെറിയ കുട്ടികൾക്ക് ആരോ​ഗ്യാവസ്ഥ ​ഗുരുതരമാക്കും. കഠിനമായ ഛർദ്ദി, വയറിളക്കം, ചെവി അണുബാധ, ന്യുമോണിയ (ശ്വാസകോശത്തിലെ അണുബാധ), തലച്ചോറിലെ അണുബാധ (എൻസെഫലൈറ്റിസ്) എന്നിവയാണ് ഈ അണുബാധയുടെ സങ്കീർണതകൾ. ചികിത്സകൊണ്ട് വൈറസിനെ ഇല്ലാതാക്കാൻ കഴിയില്ല. എന്നാൽ, പനി, നിർജ്ജലീകരണം തുടങ്ങിയ ലക്ഷണങ്ങളുടെ കാഠിന്യം ലഘൂകരിക്കാൻ സാധിക്കും.


ചികിത്സയിലൂടെ മീസിൽസ് അണുബാധ സുഖപ്പെടുത്താൻ സാധിക്കാത്തതിനാൽ ഇത് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർ​ഗം പ്രതിരോധ കുത്തിവയ്പ്പാണ്. എംഎംആർ വാക്സിൻ രണ്ട് ഡോസുകൾ മീസിൽസ് അണുബാധ തടയുന്നതിന് 97 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പനിയും ചർമ്മത്തിൽ തടിപ്പുമുള്ള കുട്ടികളെ തിരിച്ചറിഞ്ഞ് നേരത്തെ ചികിത്സ ലഭ്യമാക്കണം. 2023 ഡിസംബറോടെ അഞ്ചാംപനി, റുബെല്ല എന്നിവ ഇല്ലാതാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.