മെഡിസെപ് പദ്ധതിയിൽ 31 സ്വകാര്യ ആശുപത്രികൾ കൂടി ചേർന്നു
Medisep scheme: മെഡിസെപ് പദ്ധതിയുടെ ആരംഭഘട്ടത്തിൽ 246 ആശുപത്രികളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്തിന് പുറത്ത് നിന്ന് ആറ് ആശുപത്രികൾ കൂടി പദ്ധതിയിൽ പുതിയതായി ചേർന്നു.
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ 31 സ്വകാര്യ ആശുപത്രികൾ കൂടി പങ്കാളികളായി. തിരുവനന്തപുരത്തെ കിംസ് അടക്കമുള്ള ആശുപത്രികളാണ് കരാറിൽ ഒപ്പിടുന്നത്. അവയവമാറ്റ ശസ്ത്രക്രിയകൾക്കാണ് കിംസ് ആശുപത്രി സമ്മതമറിയിച്ചത്. ഇതിന് പിന്നാലെ മറ്റ് ചികിത്സകളും ലഭ്യമാക്കും.
കഴിഞ്ഞ ഒന്നര മാസമായി പദ്ധതിയുമായി സഹകരിക്കാതിരുന്ന ആശുപത്രികളാണ് പുതിയതായി പദ്ധതിയിൽ ചേർന്നത്. മെഡിസെപ് പദ്ധതിയുടെ ആരംഭഘട്ടത്തിൽ 246 ആശുപത്രികളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്തിന് പുറത്ത് നിന്ന് ആറ് ആശുപത്രികൾ കൂടി പദ്ധതിയിൽ പുതിയതായി ചേർന്നു. പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ ആശുപത്രികളുടെയും പട്ടിക ധനവകുപ്പും ഓറിയന്റൽ ഇൻഷുറൻസും ഉടൻ പ്രസിദ്ധീകരിക്കും. പദ്ധതിയുമായി സഹകരിക്കാത്ത വിവിധ സഹകരണ ആശുപത്രികളുടെയും തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെയും യോഗം മുഖ്യമന്ത്രി നേരിട്ട് വിളിക്കും.
ALSO READ: തെരുവുനായ ആക്രമണം വർധിച്ചു; വന്ധ്യംകരണം വ്യാപകമായി നടപ്പാക്കാൻ തീരുമാനം
സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ആശുപത്രികൾ പദ്ധതിയുമായി സഹകരിച്ചില്ലെങ്കിൽ ഗ്രാന്റ് അടക്കമുള്ള സഹായങ്ങൾ നിർത്തലാക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണനയിലാണ്. ആകെ ഇൻഷുറൻസ് ക്ലെയിമുകൾ, ലഭ്യമാക്കിയ ചികിത്സ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി ഡാഷ്ബോർഡ് മെഡിസെപ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കുട്ടികളുടെ ഐസിയു 15നകം സജ്ജമാക്കണം: മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കുട്ടികളുടെ ഐസിയു സെപ്റ്റംബര്‍ 15നകം സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആശുപത്രിയുടെ വികസനത്തിനായി ഏഴേകാല്‍ കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ആശുപത്രിയെ ലക്ഷ്യ സ്റ്റാന്‍ഡേഡിലേക്ക് ഉയര്‍ത്തി അത്യാധുനിക മാതൃശിശു സംരക്ഷണ ആശുപത്രിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
ഇവിടെ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. അട്ടപ്പാടിയില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ആരോഗ്യ, വനിത ശിശുവികസന വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം പൂര്‍ണമായും ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ലഭ്യമാകണം. ഗര്‍ഭിണികളുടേയും സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിന പരിപാടിയുടെ പ്രവര്‍ത്തന പുരോഗതിയെപ്പറ്റി റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
തനത് വിഭവങ്ങള്‍ പോഷകാഹാര പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്നതിന്റെ സാധ്യത തേടും. കോട്ടത്തറ ആശുപത്രിയില്‍ നിന്നും രോഗികളെ അനാവശ്യമായി റഫര്‍ ചെയ്യുന്നതായി പരാതി ലഭിച്ച സാഹചര്യത്തില്‍ ഇക്കാര്യങ്ങളെപ്പറ്റി അന്വേഷണം നടത്താന്‍ പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...