തിരുവനന്തപുരം: ഡിസി ബുക്ക്സ് പുറത്തിരക്കിയ എസ് ഹരീഷിന്‍റെ നോവല്‍ 'മീശ' കത്തിച്ച്‌ പ്രതിഷേധം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം കന്‍‌ഡോണ്‍‌മെന്‍റ് പൊലീസാണ് നാല് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.


ഡിസി ബുക്സിന്‍റെ തിരുവനന്തപുരം സ്റ്റാച്യു ഓഫീസിനു മുന്നില്‍ വച്ചാണ് നാല് ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് 'മീശ' കത്തിച്ചത്. ഇതേ തുടര്‍ന്ന് പ്രസാധകര്‍ നല്‍കിയ പരാതിയിലാണ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.


നോവലിലെ ചില ഭാഗങ്ങള്‍ വിവാദമാവുകയും എഴുത്തുകാരനെതിരെ സംഘപരിവാറില്‍ നിന്നും ഭീഷണി ഉണ്ടാവുകയും ചെയ്തതിനെതുടര്‍ന്ന് മാതൃഭൂമി വാരികയില്‍ പ്രസിദ്ധികരിച്ചു വന്നിരുന്ന 'മീശ' നോവല്‍ പിന്‍‌വലിച്ചിരുന്നു. 


പിന്നീടാണ് ഡിസി ബുക്ക്സ് പുസ്തകം പ്രസിദ്ധീകരിക്കാന്‍ തിരുമാനിക്കുകയും ബുധനാഴ്ച 'മീശ' നോവല്‍ പുറത്തിറക്കുകയും ചെയ്തത്.


മുന്‍പേ തന്നെ സംസ്ഥാന സര്‍ക്കാര്‍ നോവല്‍ പ്രസാധകര്‍ക്കും എഴുത്തുകാരനും പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. 


അതേസമയം, നോവല്‍ ‘മീശ’ പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും വിധി മറ്റൊന്നായിരുന്നു. പുസ്തകങ്ങള്‍ നിരോധിക്കരുതെന്നും,  പുസ്തകങ്ങളുടെ നിരോധനം ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്. എന്നാല്‍ സുപ്രീംകോടതി വിവാദമായ പേജുകളുടെ പരിഭാഷ അഞ്ച് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.