നെല്ല് സംഭരിക്കാതെ മില്ലുകാരുടെ സമ്മർദ്ദതന്ത്രം; പ്രതിസന്ധിയിലായി കർഷകർ
നാലു മില്ലുകാർ പാടത്തെത്തിയെങ്കിലും നെല്ലുസംഭരിക്കാനെത്തിയില്ല. കൂടുതൽ കിഴിവ് ഈടാക്കി നെല്ല് സംഭരിക്കാനുള്ള സ്വകാര്യ മില്ലുകാരുടെ സമ്മർദ്ദതന്ത്രമാണ് നെല്ലുസംഭരിക്കാൻ വിമുഖത കാട്ടുന്നതിനു പിന്നിലെന്ന് കർഷകർ ആരോപിക്കുന്നു.
കോട്ടയം: കൊയ്തെടുത്ത നെല്ല് സംഭരിക്കാതെ മില്ലു കാരുടെ സമ്മർദ്ദതന്ത്രം. കോട്ടയം ജില്ലയിൽ വൈക്കം തലയോലപ്പറമ്പിലെ പാടശേഖരങ്ങളിലാണ് കൊയ്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാൻ മില്ലുകാർ എത്താത്തത്. ഇത് എഴുപതോളം വരുന്ന കർഷകരെ പ്രതിസന്ധിയിലാക്കി.
വൈക്കം തലയോലപറമ്പിലെ കോലത്താർ, പഴമ്പെട്ടി, വട്ടക്കരി പാടശേഖരങ്ങളിൽ കൊയ്ത നെല്ല് സംഭരിക്കാൻ മില്ലുകാരെത്താത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കൊയ്ത്ത് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാത്തതിനാൽ മഴ വരുമ്പോൾ പ്ലാസ്റ്റിക് ഷീറ്റിട്ടു മൂടിയും വെയിലെത്തുമ്പോൾ നെല്ലു ഉണക്കിയും കർഷകർ പാടുപെടുകയാണ്.
നാലു മില്ലുകാർ പാടത്തെത്തിയെങ്കിലും നെല്ലുസംഭരിക്കാനെത്തിയില്ല. കൂടുതൽ കിഴിവ് ഈടാക്കി നെല്ല് സംഭരിക്കാനുള്ള സ്വകാര്യ മില്ലുകാരുടെ സമ്മർദ്ദതന്ത്രമാണ് നെല്ലുസംഭരിക്കാൻ വിമുഖത കാട്ടുന്നതിനു പിന്നിലെന്ന് കർഷകർ ആരോപിക്കുന്നു.
93ഏക്കർ വിസ്തൃതിയുള്ള കോലത്താർ പാടശേഖരത്തിൽ അര ഏക്കറും ഒരേക്കറുമൊക്കെ നില മുള്ള 70 കർഷകരാണുള്ളത്. ഇനി പാടശേഖരത്തിൽ 11 ഏക്കറിലെ നെല്ല് കൊയ്യാനുണ്ട്. മഴ തുടരുന്നതിനാൽ കൊയ്ത്ത് യന്ത്രം ഇറക്കാനാകുന്നില്ല. ഏക്കറിന് 35000 രൂപ ചെലവഴിച്ചാണ് ഇവിടെ കൃഷിയിറക്കിയത്.
ഏക്കറിന് 25 ക്വിന്റൽ നെല്ലു ലഭിച്ചു. മികച്ച വിളവ് ലഭിച്ചിട്ടും നെല്ല് സംഭരിക്കപ്പെടാത്തതിനാൽ കിളിർത്ത് നശിക്കുമോയെന്ന ആശങ്കയിലാണ് കർഷകർ. രണ്ടര ഏക്കർ ദൈർഘ്യമുള്ള പാടശേഖരത്തിന്റ പുറം ബണ്ട് പെരുമ്പാട്ടം, കരയപ്പ് ഭാഗങ്ങളിൽ ഏറ്റവും ദുർബലമായതിനാൽ താഴ്ന്നു കിടക്കുന്ന ഈ പ്രദേശങ്ങളിലൂടെ വെള്ളം പാടത്തിലേക്ക് ഇരച്ചുകയറും.
30 എച്ച്പിയുടെ ഒരു മോട്ടോറും പെട്ടിയും പറയുമുണ്ടെങ്കിലും വെള്ളം ഫലപ്രദമായി വറ്റിക്കാനാകുന്നില്ലെന്ന് കർഷകർ പറയുന്നു. പുറം ബണ്ട് ബലപ്പെടുത്തി 50 എച്ച്പിയുടെ മോട്ടോർ ലഭ്യമാക്കിയാൽ മാത്രമേ കാർഷിക പ്രവർത്തനങ്ങൾ കാര്യക്ഷമമാകുവെന്ന് കോലത്താർ പാടശേഖര സമിതി പ്രസിഡന്റ് സാബു ജോർജ് , സെക്രട്ടറി കെ.വി.സുകുമാരൻ എന്നിവർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...