Saji Cheriyan Resigns : ഭരണഘടന വിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാൻ രാജിവച്ചു
Kerala Minister Saji Cheriyan Resigns സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപ്പെട്ട് മന്ത്രിയോട് രാജിവക്കാൻ ആവശ്യപ്പെടുകയായിരുന്നു.
Saji Cherian Resigns : വിവാദമായ ഭരണഘടന വിരുദ്ധ പരാമർശത്തെ തുടർന്ന് മന്ത്രി സജി ചെറിയാൻ രാജിവച്ചു. മന്ത്രി വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിലൂടെയാണ് സജി ചെറിയാൻ രാജി അറിയിച്ചത്. ഇന്ന് ജൂലൈ ആറിന് വിവാദത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം അവെയിലബിൾ സെക്രട്ടറിയേറ്റ് യോഗം ചേർന്നെങ്കിലും മന്ത്രിക്ക് പിന്തുണ എന്ന നിലപാട് തന്നെയായിരുന്നു. എന്നാൽ സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപ്പെട്ട് മന്ത്രിയോട് രാജിവക്കാൻ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം രാജി സ്വതന്ത്ര തീരുമാനമാണെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച് നിലപാട് വ്യക്തമാക്കിയെന്നും സജി ചെറിയാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. താൻ ഒരിക്കലും ഭരണഘടനയെ അവഹേളിക്കാൻ ശ്രമിച്ചിട്ടില്ലയെന്നും പ്രസംഗത്തിന്റെ മുഴുവൻ ഭാഗവും മാധ്യമങ്ങൾ സംപ്രേഷണം ചെയ്യണമെന്ന് സജി ചെറിയാൻ കൂട്ടി ചേർക്കുകയും ചെയ്തു.
നാവ് പിഴയെന്നും ഭാഷശൈലിയുടെ പ്രശ്നമെന്നും തുടങ്ങി സംസ്ഥാന നേതൃത്വം മന്ത്രിയെ പിന്തുണച്ചെങ്കിലു കേന്ദ്ര നേതൃത്വം എതിർക്കുകയായിരുന്നു. രാജി വൈകുന്നതിൽ പാർട്ടിയുടെ കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്ത്യൻ ഭരണഘടനയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയ മന്ത്രി സജി ചെറിയാനെതിരെ നടപടി ഉണ്ടാവുമെന്ന് വ്യക്തമാക്കി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള ഘടകത്തിലെ നേതാക്കളുമായി സംസാരിച്ചെന്നും ഉചിതമായ നടപടി ഉണ്ടാവുമെന്നും യച്ചൂരി പറഞ്ഞിരുന്നു
മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം
പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച ചടങ്ങിലാണ് മന്ത്രി ഭരണഘടനയിൽ അവിശ്വാസം പ്രകടിപ്പിച്ച് പ്രസംഗിച്ചത്. ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്തത് എഴുതി വച്ചിരിക്കുകയാണെന്നുമാണ് മന്ത്രി പ്രസംഗത്തിൽ പറയുന്നത്.
തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത കോടതികളാണ് ഇന്ത്യയിൽ ഉള്ളതെന്നും സജി ചെറിയാൻ പ്രസംഗത്തിൽ പറയുന്നു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ഒരു പരാമർശമുണ്ടായത് വലിയ നിയമ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കമുള്ള നേതാക്കൾ പങ്കെടുത്ത വേദിയിലാണ് സജി ചെറിയാന്റെ വിവാദ പ്രസംഗം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.