കാക്കാതുരുത്ത് വികസനത്തിന് കേന്ദ്ര ടൂറിസം മന്ത്രാലയം ഇടപെടുന്നു
അടിസ്ഥാന വികസന സൗകര്യങ്ങളുടെ അഭാവം മൂലം ദുരിതത്തിൽ കഴിയുന്ന കാക്കാതുരുത്ത് നിവാസികളുടെ പ്രശ്‌നങ്ങൾ ചൂണ്ടികാണിച്ചു മട്ടാഞ്ചേരി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിയാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തെ സമീപിച്ചത്.
ആലപ്പുഴ: കാക്കാതുരുത്ത് ദ്വീപിന്റെ വികസനത്തിന് ആവശ്യമായ നടപടിയെടുക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അടിസ്ഥാന വികസന വകുപ്പ് സംസ്ഥാന ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചു.
അടിസ്ഥാന വികസന സൗകര്യങ്ങളുടെ അഭാവം മൂലം ദുരിതത്തിൽ കഴിയുന്ന കാക്കാതുരുത്ത് നിവാസികളുടെ പ്രശ്‌നങ്ങൾ ചൂണ്ടികാണിച്ചു മട്ടാഞ്ചേരി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിയാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തെ സമീപിച്ചത്.
ആയിരത്തോളം ജനങ്ങൾ വസിക്കുന്ന ദ്വീപിലെ പാലം പണി 2017-18 ബജറ്റിൽ 20 കോടി മുതൽ 25 കോടിവരെ വകയിരുത്തിയിട്ടും കഴിഞ്ഞ പത്തു വർഷത്തിനിടെ പില്ലറുകൾ സ്ഥാപിക്കാൻ മാത്രമാണ് സാധിച്ചത്.
സമയബന്ധിതമായി പാലം പണി തീർക്കുക, ആരോഗ്യ കേന്ദ്രം നിർമ്മിക്കുക, ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക, സുരക്ഷിതമായ യാത്ര സംവിധാനം നടപ്പിലാക്കുക എന്നിവയാണ് പരാതിയിലെ പ്രധാന ആവശ്യങ്ങൾ.
കൂടാതെ ദേശീയ ടൂറിസം ഭൂപടത്തിൽ കാക്കാതുരുത്തിന് അർഹമായ പരിഗണന നൽകണമെന്നും, ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിച്ചു കൊണ്ട് നാട്ടുകാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാന്‍ ടൂറിസം മന്ത്രാലയം നടപടിയെടുക്കണമെന്നും ഗോവിന്ദൻ നമ്പൂതിരി ആവശ്യപ്പെട്ടിട്ടുണ്ട്.