പഞ്ചായത്ത് സെക്രട്ടറിക്ക് എംഎൽഎയുടെ പരസ്യ ശാസന
മാലിന്യസംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനരഹിതമായതിനാല്‍ കെട്ടുകണക്കിന് മാലിന്യമാണ് ചന്തയില്‍ കുന്നുകൂടി കിടക്കുന്നത്. ഇത് കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. താലൂക്ക് വികസന സമിതി യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്യുകയും മാലിന്യസംസ്‌കരണം അടിയന്തരമായി നടപ്പാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തിരുന്നു.
പത്തനംതിട്ട: കോന്നി ചന്തയിലെ മാലിന്യപ്രശ്നം പരിഹരിക്കാത്തതിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കോന്നി എംഎല്‍എയുടെ പരസ്യശാസന. മാലിന്യസംസ്‌കരണം നടത്തിയെന്ന് ആരോഗ്യമന്ത്രിയുടെ യോഗത്തെ സെക്രട്ടറി തെറ്റിദ്ധരിപ്പിച്ചതിനാണ് പരസ്യമായി ശാസിച്ചത്. അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയാണ് പരസ്യമായി ശാസിച്ചത്.
ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ അധ്യക്ഷതയില്‍ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലയിലെ എംഎല്‍എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജില്ലാതലത്തിലുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത ആരോഗ്യജാഗ്രതാ യോഗം ഓണ്‍ലൈനായി ചേര്‍ന്നിരുന്നു. കോന്നി നാരായണപുരം ചന്തയിലെ മാലിന്യപ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു.
Read Also: Route Doubling: വേണാടും പരശുറാമും അടക്കം 21 ട്രെയിനുകൾ മേയ് 28 വരെ റദ്ദാക്കി
മാലിന്യസംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനരഹിതമായതിനാല്‍ കെട്ടുകണക്കിന് മാലിന്യമാണ് ചന്തയില്‍ കുന്നുകൂടി കിടക്കുന്നത്. ഇത് കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. താലൂക്ക് വികസന സമിതി യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്യുകയും മാലിന്യസംസ്‌കരണം അടിയന്തരമായി നടപ്പാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യാതൊരു നടപടികളും ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് എംഎല്‍എ ആരോഗ്യജാഗ്രത ജില്ലാ യോഗത്തില്‍ വിഷയം ഉന്നയിച്ചത്. എന്നാല്‍, ചന്തയിലെ മാലിന്യമെല്ലാം സംസ്‌കരിച്ചുവെന്നായിരുന്നു കോന്നി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയബാലന്‍ യോഗത്തെ അറിയിച്ചത്.
സത്യാവസ്ഥ നേരിട്ട് ബോധ്യപ്പെടാന്‍ യോഗം അവസാനിച്ച ഉടന്‍ തന്നെ കോന്നി ചന്തയില്‍ അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. മാലിന്യങ്ങള്‍ കുന്നുകൂടി അതിരൂക്ഷഗന്ധം പടര്‍ത്തി പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി എംഎല്‍എ നേരില്‍ക്കണ്ട് ബോധ്യപ്പെട്ടു. കൂടാതെ, ചന്തയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ശൗചാലയങ്ങളും പ്രവര്‍ത്തനക്ഷമമല്ലെന്ന് എംഎല്‍എ പരിശോധനയില്‍ കണ്ടെത്തി. എംഎല്‍എ മിന്നല്‍ പരിശോധനയ്ക്കെത്തിയപ്പോഴേക്കും ചന്തയെ കുറിച്ചുള്ള നിരവധി പരാതികളുമായി പ്രദേശവാസികളും എത്തി.
Read Also: Bajrang Dal, Popular Front Rally: കനത്ത ജാഗ്രതയിൽ ആലപ്പുഴ; ബജറംഗദൾ, പോപ്പുലർ ഫ്രണ്ട് റാലികൾ ഇന്ന്
ആരോഗ്യമന്ത്രിയുടെ യോഗത്തെ മാലിന്യസംസ്‌കരണം നടത്തിയെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതിന് കോന്നി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയബാലനെതിരെ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. സുമേഷിന് എംഎല്‍എ നിര്‍ദേശം നല്‍കി. ജനങ്ങളോട് പരമപുച്ഛത്തോടെയും ധാര്‍ഷ്ട്യത്തോടെയും പെരുമാറുന്ന ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇതുപോലുള്ള അവസ്ഥയ്ക്ക് കാരണമെന്നും ഇത്രയും ഭീകരമായ അവസ്ഥ കേരളത്തിലെ മറ്റൊരു ചന്തയ്ക്കുമില്ലെന്നും മേയ് 21ന് ഉച്ചകഴിഞ്ഞ് രണ്ടിനു മുന്‍പ് മാലിന്യങ്ങള്‍ ചന്തയില്‍ നിന്നും നീക്കം ചെയ്യാമെന്ന് ഡിഡിപി കെ.ആര്‍. സുമേഷ് ഉറപ്പ് നല്‍കിയെന്നും എംഎല്‍എ അറിയിച്ചു. നിലവിലുള്ള മാലിന്യം നീക്കം ചെയ്തതിനുശേഷം ഈ വിഷയം ശാശ്വതമായി പരിഹരിക്കുന്നതിനു വേണ്ടി പ്രത്യേക യോഗം വിളിക്കുമെന്നും എംഎല്‍എ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...