ആള്‍ക്കൂട്ട ആക്രമണം: അജേഷിനെ ക്രൂരമായി പീഡിപ്പിച്ചത് 8 മണിക്കൂര്‍..
ആള്‍ക്കൂട്ട ആക്രമണത്തിന് കേരളം കഴിഞ്ഞ ദിവസം സാക്ഷിയായി. എന്നാല്‍ സംഭവം സംബന്ധിച്ച് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
തിരുവനന്തപുരം: ആള്‍ക്കൂട്ട ആക്രമണത്തിന് കേരളം കഴിഞ്ഞ ദിവസം സാക്ഷിയായി. എന്നാല്‍ സംഭവം സംബന്ധിച്ച് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
തിരുവല്ലത്ത് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. മുട്ടയ്ക്കാട് സ്വദേശി അജേഷ് (30) ആണ് മരിച്ചത്.
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവര്‍മാരാണ് യുവാവിനെ മര്‍ദ്ദിച്ചത്. 40,000 രൂപയും മൊബൈല്‍ ഫോണും അജേഷ് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പ്രധാന പ്രതിയായ ജിനേഷ് വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ അജേഷിനെ പിടിച്ചുകൊണ്ടുപോയി വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദിച്ചത്.
എട്ട് മണിക്കൂറോളം നീണ്ടു നിന്ന പീഡനത്തിന് ഇരയായ ശേഷം ചികിത്സയിൽ കഴിയവേയാണ് അജേഷ് മരണത്തിന് കീഴടങ്ങിയത്. അജേഷിനെ എട്ട് മണിക്കൂറിലധികം സംഘം പല രീതിയിൽ ക്രൂരമായി പീഡിപ്പിച്ചെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ.
വണ്ടിത്തടം എന്ന സ്ഥലത്ത് നിന്നാണ് സംഘം അജേഷിനെ പിടി കൂടിയത്. അവിടെവെച്ച് അടിക്കാൻ തുടങ്ങിയപ്പോൾ നാട്ടുകാർ ഇടപെട്ടതോടെ അവർ അജേഷിനെ ഓട്ടോയിൽ കയറ്റി പാപ്പാന്‍ചാണിയിലുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.
ജിനേഷ് വർഗീസ് എന്ന കേസിലെ ഒന്നാം പ്രതി അജേഷിനെ മർദ്ദിച്ച ശേഷം നെഞ്ചിൽ ഇടിച്ച് നിലത്തിട്ടു. ബെഡ്ഷീറ്റ് കീറി അടുക്കളയിലെ മേൽക്കൂരയിൽ അജേഷിനെ തലകീഴായി കെട്ടിത്തൂക്കിയിട്ട ശേഷം മുളങ്കമ്പ് വെട്ടി തുടരെ അടിച്ചു. കമ്പുകൾ പൊട്ടുന്നതനുസരിച്ച് അടുത്ത കമ്പുകൾ ശേഖരിച്ച് അവർ അജേഷിനെ മർദ്ദിച്ചു. നിലവിളി ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ വായിൽ നേരത്തെ തുണി തിരുകി കയറ്റിയിരുന്നു.
തുടർന്ന് ഓല കത്തിച്ച് അതിൽ വെട്ടുകത്തി പഴുപ്പിച്ച് അജേഷിന്‍റെ ജനനേന്ദ്രിയത്തിലും അടിവയറ്റിലും വെച്ച് പൊള്ളിച്ചു. അജേഷിന്‍റെ മുതുകും സംഘം പൊള്ളിച്ചു. പണവും മൊബൈൽ ഫോണും മോഷ്ടിച്ചിട്ടില്ലെന്ന് അജേഷ് പീഡനത്തിനിടയിലും ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. അജേഷിന്‍റെ ശരീരഭാഗങ്ങൾ വീണ്ടും വീണ്ടും പൊള്ളിച്ചതിനൊപ്പം പൊള്ളലേറ്റ ഭാഗങ്ങളിലും കണ്ണിലും കാന്താരിമുളക് ഉടച്ച് തേച്ചു. അജേഷിന്‍റെ ശരീരത്തിൽ ഇവർ മുളക് പൊടിയും തേച്ചു.
കാതിൽ അണിഞ്ഞിരുന്ന കമ്മൽ ചെവിയോട് കൂടി തന്നെ വലിച്ചുപൊട്ടിച്ച് മുഖത്ത് ഇടിച്ചതായും പോലീസ് കണ്ടെത്തി.
ഓടി രക്ഷപെടാന്‍ ശ്രമിച്ച അജേഷ് വയലിലെത്തി അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഇന്ന് രാവിലെയാണ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് തിരുവല്ലം പോലീസ് അറിയിച്ചു.