Mobile exploded: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ; തീ പടർന്നിട്ടില്ല, ഫോണിലുണ്ടായത് രാസസ്ഫോടനം
Forensic examination: മൊബൈൽ ഫോണിൽ നിന്ന് തീ പടർന്നിട്ടില്ലെന്നതാണ് രാസസ്ഫോടനമായിരിക്കാം എന്ന നിഗമനത്തിലേക്ക് പോലീസിനെയം ഫോറൻസിക് വിഭാഗത്തേയും എത്തിച്ചത്.
തൃശൂർ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ച സംഭവത്തിൽ രാസസ്ഫോടനമാണ് ഉണ്ടാകാൻ സാധ്യതയെന്ന് പോലീസും ഫോറൻസിക് വിഭാഗവും. മൊബൈൽ ഫോണിൽ നിന്ന് തീ പടർന്നിട്ടില്ല. ഇതാണ് രാസസ്ഫോടനമായിരിക്കാം എന്ന നിഗമനത്തിലേക്ക് പോലീസിനെയം ഫോറൻസിക് വിഭാഗത്തേയും എത്തിച്ചത്.
ഫോണിലെ ബാറ്ററി അമിതമായി ചൂടായതിനെ തുടർന്ന് അതിലെ ലിഥിയം അതിയായ മർദത്തോടെ പുറത്തുവന്നതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്. പട്ടിപ്പറമ്പ് മാരിയമ്മൻകോവിലിനു സമീപം കുന്നത്തുവീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മരിച്ചത്. മുൻ ബ്ലോക്ക് പഞ്ചായത്തംഗമാണ് അശോക് കുമാർ. ആദിത്യശ്രീയുടെ അമ്മ സൗമ്യ തിരുവില്വാമല സർവീസ് സഹകരണബാങ്ക് ഡയറക്ടർ ആണ്.
തിങ്കളാഴ്‌ച രാത്രി പത്ത് മണിക്ക് ശേഷമാണ് അപകടമുണ്ടായത്. തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ആദിത്യശ്രീ. അപകടം നടക്കുമ്പോൾ വീട്ടിൽ മുത്തശ്ശിയും കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടി കട്ടിലിൽ കിടന്ന് മൊബൈൽ ഫോണിൽ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നതിനിടെ വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു. ശബ്ദം കേട്ട് മുത്തശ്ശി മുറിയിലേക്ക് എത്തിയപ്പോൾ ചോരയിൽ കുളിച്ച നിലയിലാണ് ആദിത്യശ്രീയെ കണ്ടതെന്ന് പറയുന്നു.
തിരുവില്വാമലയിൽ കൊറിയർ സ്ഥാപനം നടത്തുന്ന അശോക് കുമാറും സൗമ്യയും അപകടസമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. സ്ഫോടനശബ്ദം കേട്ട് പ്രദേശവാസികളും വീട്ടിലേക്കെത്തി. മുഖം തകർന്നും വിരലുകൾ അറ്റുപോയ നിലയിലുമായിരുന്നു ആദിത്യശ്രീയെന്നാണ് ഇവർ പറയുന്നത്. മൂന്ന് വർഷം പഴക്കമുള്ള ഫോണാണ് കുട്ടി ഉപയോഗിച്ചിരുന്നത്.
അശോക് കുമാറിന്റെ അനുജൻ സമ്മാനമായി നൽകിയതാണ് ഫോൺ. ഇതിന്റെ ബാറ്ററി ഒരു തവണ മാറ്റിയതായി പറയുന്നു. മൊബൈൽ ഫോൺ കൂടുതൽ സമയം ഉപയോഗിച്ചതിനെ തുടർന്ന് ബാറ്ററി അമിതമായി ചൂടായതാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് വിദഗ്‌ധരുടെ നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൂന്നുമണിയോടെ വീട്ടിലെത്തിച്ച മൃതദേഹം പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...