Vaccine certificate | വാക്സിൻ സർട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രം; പ്രധാനമന്ത്രിയല്ലേ... ലജ്ജിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി
100 കോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്നമാണ് ഹർജിക്കാരനുള്ളതെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ചോദിച്ചു
കൊച്ചി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട ഹർജിക്കാരനെ ശകാരിച്ച് ഹൈക്കോടതി. നരേന്ദ്ര മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. വേറെ ഏതെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ല. എന്തിനാണ് നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നതെന്നും കോടതി ചോദിച്ചു.
100 കോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്നമാണ് ഹർജിക്കാരനുള്ളതെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ചോദിച്ചു. ഹർജിക്കാരൻ കോടതിയുടെ സമയം പാഴാക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.
ഹർജിക്കാരൻ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പേരിലുള്ള സർവകലാശാലയിൽ ജോലി ചെയ്തുകൊണ്ട് വാക്സിൻ സർട്ടിഫിക്കറ്റിൽ നിലവിലെ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തുന്നതിനോട് എങ്ങനെയാണ് വിയോജിക്കുന്നതെന്നും കോടതി ചോദിച്ചു.
പ്രതിരോധ കുത്തിവയ്പ്പിനായി പണം നൽകിയ ശേഷം ലഭിച്ച സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിച്ചിരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...