Fire At Brahmapuram: ബ്രഹ്മപുരത്ത് ശ്വസന പ്രശ്നങ്ങളിൽ ചികിത്സ തേടിയത് 678 പേര്‍; ആരോഗ്യ സര്‍വ്വേ നടത്തും
Fire At Brahmapuram: ആരോഗ്യ വകുപ്പും ഐഎംഎയും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ദേശീയ ആരോഗ്യ മിഷനിലെ ഡോക്ടറായ അതുല്‍ ജോസഫ് മാനുവേലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി: ബ്രഹ്മപുരത്ത് പ്ലാന്റിലെ പുക മൂലം വായു മലിനീകരണം ഉണ്ടായ സ്ഥലങ്ങളിൽ ആരോഗ്യ സര്‍വ്വേ നടത്താന്‍ തീരുമാനം. ദേശീയ ആരോഗ്യ മിഷന് കീഴിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ ഓരോ വീടുകളിലും കയറി വിവരശേഖരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. കൂടുതല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.പുക മൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പും സ്വകാര്യ ആശുപത്രികളും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനോടകം ബ്രഹ്മപുരത്തും പരിസര പ്രദേശങ്ങളിലുമായി ഒന്‍പത് മെഡിക്കല്‍ ക്യാമ്പുകളാണ് സംഘടിപ്പിച്ചത്. എല്ലാ ദിവസവും വിവിധ പ്രദേശങ്ങളിലായി ക്യാമ്പ് നടത്താനുള്ള സംവിധാനമാണ് ഇപ്പോൾ ഒരുക്കുന്നത്. ഐഎംഎ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനത്തിന് പുറമേ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും നല്‍കും. പുകയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവരുടെ വിവരങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ മെഡിക്കല്‍ ഓഫീസുമായി പങ്കുവയ്ക്കണമെന്നും നിർദ്ദേശമുണ്ട്. ഇതിനായി ആശുപത്രികള്‍ക്ക് പ്രത്യേക ഫോര്‍മാറ്റ് നല്‍കുമെന്നും ഇതിലൂടെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താൻ കഴിയുമെന്നുമാണ് റിപ്പോർട്ട്.
ആരോഗ്യ വകുപ്പും ഐഎംഎയും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ദേശീയ ആരോഗ്യ മിഷനിലെ ഡോക്ടറായ അതുല്‍ ജോസഫ് മാനുവേലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനോടകം വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് 678 പേരാണ് ചികിത്സ തേടിയത്. ഇതില്‍ 421 പേര്‍ ക്യാമ്പുകളിലെത്തിയവരാണ്. ഇതിൽ തീ അണയ്ക്കുന്നതിന് രംഗത്തുള്ള 68 പേരും ഉള്‍പ്പെടും. ഇതിനിടയിൽ ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ഉറപ്പാക്കുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ആശങ്കപ്പെടുന്ന രീതിയില്‍ ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...