MSF ഹരിത നേതാക്കളെ പിന്തുണച്ച ഫാത്തിമ തഹ്ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി
വനിതാ കമ്മീഷനിൽ പരാതി നൽകിയതിന് പിന്നിൽ ഫാത്തിമ തഹ്ലിയയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും തഹ്ലിയയെ നീക്കിയത്
മലപ്പുറം: എംഎസ്‍എഫ് ദേശീയ വൈസ് പ്രസിഡന്റ് (Vice president) സ്ഥാനത്ത് നിന്നും ഫാത്തിമ തഹ്ലിയയെ പുറത്താക്കി. പികെ നവാസിന് എതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയതിന് പിന്നിൽ ഫാത്തിമ തഹ്ലിയയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും തഹ്ലിയയെ നീക്കിയത്.
വനിതാ കമ്മീഷന് പരാതി നൽകിയ മുന്‍ ഹരിത ഭാരവാഹികൾക്ക് തഹ്ലിയ പിന്തുണ നൽകിയിരുന്നു. തഹ്ലിയ ഗുരുതര അച്ചടക്കലംഘനം നടത്തിയതായി നേതൃത്വം വിലയിരുത്തി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതി പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് (Muslim league) നേതൃത്വം ഹരിത നേതാക്കളിൽ സമ്മർദം ചെലുത്തിയിരുന്നു.
ALSO READ: MSF ഹരിതയിൽ പ്രതിഷേധം തുടരുന്നു; വയനാട്, കാസർകോട് ജില്ലാ നേതൃത്വങ്ങളിൽ കൂട്ട രാജി
എന്നാൽ പരാതി പിൻവലിക്കാൻ ഹരിത നേതാക്കൾ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ലീഗ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. ഹരിത നേതാക്കൾ ഗുരുതര ചട്ടലംഘനം നടത്തിയതായും ലീഗ് ഉന്നതാധികാര സമിതി വിലയിരുത്തി. ഇതിന് പിന്നാലെ ഇന്ന് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ആയിഷ ബാനു പ്രസിഡന്‍റും റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്.
ALSO READ: MSF വനിതാ വിഭാഗമായ ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു
ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയിൽ അതൃപ്തിയുണ്ടെന്ന് ഫാത്തിമ തെഹ്ലിയ പറഞ്ഞിരുന്നു. ഹരിതയോട് പാർട്ടി നേതൃത്വം സ്വീകരിച്ച സമീപനത്തിൽ കടുത്ത വിയോജിപ്പുണ്ടെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു. എന്നാൽ തന്നെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയ പാര്‍ട്ടി തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഫാത്തിമ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...