MSF വനിതാ വിഭാഗമായ ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു
പിഎച്ച് ആയിഷ ബാനുവാണ് ഹരിതയുടെ സംസ്ഥാന പ്രസിഡൻറ്. സെക്രട്ടറിയായി റുമൈസ റഫീഖിനെയും ട്രഷററായി നയന സുരേഷിനെയും നിയമിച്ചു
കോഴിക്കോട്: ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. പിഎച്ച് ആയിഷ ബാനുവാണ് ഹരിതയുടെ സംസ്ഥാന പ്രസിഡൻറ്. സെക്രട്ടറിയായി റുമൈസ റഫീഖിനെയും ട്രഷററായി നയന സുരേഷിനെയും നിയമിച്ചു.
ഹരിതയുടെ മുൻ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എംഎസ്എഫ് നേതൃത്വത്തിനെതിരെ പരാതി നൽകിയതിനെ തുടർന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗം ചേർന്ന് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഹരിതയുടെ നേതാക്കൾ ഗുരുതര ചട്ടലംഘനം നടത്തിയതായും സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞിരുന്നു.
ALSO READ: Muslim League: സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിന് എതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ഹരിത നേതാക്കള്‍
ലൈംഗികാധിക്ഷേപം നടന്നതായി ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന കമ്മിറ്റിയിലെ 10 നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയത്. ജൂൺ 22 ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയായിരുന്നു പി കെ നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബും വിവാദ പ്രസ്താവന നടത്തിയതെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഹരിതയിലെ സംഘടനാ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്.
ലൈംഗികാധിക്ഷേപം നടന്നതായി ചൂണ്ടിക്കാട്ടി പാർട്ടിക്കും ഹരിത നേതാക്കൾ പരാതി നൽകിയിരുന്നു. എന്നാൽ മുസ്ലിം ലീഗ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നതിന് മുൻപ് ഹരിത നേതാക്കൾ വനിതാ കമ്മീഷനിലും പരാതി നൽകി. പാർട്ടി നടപടി സ്വീകരിക്കുന്നതിന് മുൻപ് വനിതാ കമ്മീഷന് പരാതി നൽകിയത് ചട്ടലംഘനമാണെന്നാണ് ഉന്നതാധികാര സമിതി വിലയിരുത്തിയത്.
തുടർന്ന് വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കാനും ഹരിത നേതാക്കൾക്ക് മേൽ സമ്മർദ്ദമുണ്ടായി. എന്നാൽ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കാതെ പരാതി പിൻവലിക്കില്ലെന്ന നിലപാടിലായിരുന്നു ഹരിത നേതാക്കൾ. പികെ നവാസും വി.അബ്ദുൾ വഹാബും സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞെങ്കിലും നടപടിയില്ലാതെ പരാതി പിൻവലിക്കില്ലെന്ന നിലപാടിലായിരുന്നു ഹരിത നേതാക്കൾ.
തുടർന്ന് ലീഗിന്റെ ഉന്നതാധികാര സമിതി യോഗം ചേരുകയും ഹരിത നേതാക്കൾ ചട്ടലംഘനം നടത്തിയതായി വിലയിരുത്തുകയുമായിരുന്നു. ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടതായും ഉടൻ പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിക്കുമെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...