കോഴിക്കോട്: എന്‍.ഡി.എ കേരളഘടകത്തിന്‍റെ കണ്‍വീനറായി ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി നിയമിതനാവും.  ചെയർമാൻ സ്ഥാനം കുമ്മനം രാജശേഖരൻ വഹിക്കും. രാജീവ് ചന്ദ്രശേഖരൻ എം.പി വൈസ് ചെയർമാനായിരിക്കും. സി.കെ.ജാനു, രാജൻ ബാബു,വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, രാജൻ കണ്ണാട്ട് എന്നിവർ കോ-കൺവീനർമാരായിരിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒ. രാജഗോപാൽ, എം. മെഹബൂബ്, കുരുവിള മാത്യൂ, കെ.കെ. പൊന്നപ്പൻ, ആർ. പൊന്നപ്പൻ, ബി. സുരേഷ് ബാബു, വി. ഗോപകുമാർ, സുനിൽ തെക്കേടത്, അഹമ്മദ് തോട്ടത്തിൽ, കുമാർ ദാസ് എന്നിവർ അംഗങ്ങളാണ്.


ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്‍ഡിഎ ഘടക കക്ഷികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎ കേരള ഘടകം കണ്‍വീനറാക്കാനുള്ള ധാരണയിലെത്തിയത്. എന്‍ഡിഎയെ ശക്തിപ്പെടുത്താനും എന്‍ഡിഎയെക്കുള്ള കമ്മിറ്റിയെ രൂപീകരിക്കാനും തീരുമാനമായി. ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച്‌ ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ അടുപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം നടത്തണമെന്ന നിര്‍ദേശവും അമിത് ഷാ ഘടകകക്ഷി നേതാക്കള്‍ക്ക് നല്‍കി.


പി.സി. തോമസ് എൻ.ഡി.എ ദേശീയ സമിതിയിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധിയായിരിക്കും. കോഴിക്കോട് നടന്ന എൻ.ഡി.എ യോഗത്തിനുശേഷം ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനാണ് ഇതേക്കുറിച്ചുള്ള വിവരങ്ങൾ പ്രഖ്യാപിച്ചത്. ഇടഞ്ഞുനിൽക്കുന്ന ബി.ഡി.ജെ.എസിനെ അനുനയിപ്പിക്കാനാണ് തുഷാറിനെ കൺവീനറാക്കിയത് എന്നാണ് വിവരം.


എന്‍.ഡി.എ കേരളഘടകം കണ്‍വീനര്‍ സ്ഥാനത്തിനായി നേരത്തെ ബി.ഡി.ജെ.എസ് അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍, ഇതിനെ ബി.ജെ.പി എതിര്‍ത്തിരുന്നു. എന്‍.ഡി.എയിലെ പ്രമുഖ കക്ഷിയായ തങ്ങള്‍ക്ക് കണ്‍വീനര്‍ സ്ഥാനം വേണമെന്ന നിലപാടായിരുന്നു ബി.ജെ.പിക്ക്. ഇക്കാര്യത്തിലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.