കണ്ണൂർ: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തിൽ നാല് അധ്യാപികമാരെ സസ്പെൻഡ് ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ണൂർ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിഐഎസ്കെ (ടിസ്ക്) ഇംഗ്ലിഷ് മീഡിയം സ്കൂളിലെയും ഇതേ മാനേജ്മെന്റിനു കീഴിലെ തൊട്ടടുത്ത സ്കൂളിലെയും അധ്യാപകരായ ഷീജ, ഷഫീന, ബിന്ദു, ഷാഹിന എന്നീ അധ്യാപികമാരെയാണ് സസ്പെൻഡ് ചെയ്തത്. ദേഹപരിശോധനയ്ക്കു നേതൃത്വം നൽകിയ നാല് അധ്യാപികമാരെയും അന്വേഷണ വിധേയമായി ഒരുമാസത്തേക്കു സസ്പെൻഡ് ചെയ്തതായി മാനേജ്മെന്റ് അറിയിക്കുകയായിരുന്നു.


പരീക്ഷഹാളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥിനികളുടെ ദേഹപരിശോധന നടത്തുകയും അടിവസ്ത്രമഴിപ്പിക്കുകയും ചെയ്തത് വിവാദമായിരുന്നു. ചുരിദാറിന്‍റെ കൈനീളം മുറിച്ചുനീക്കുകയും ചെയ്തിരുന്നു. പരീക്ഷയ്ക്ക് തൊട്ടുമുന്‍പ് അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ നടപടി വിദ്യാര്‍ത്ഥിനികളെ മാനസികമായി ഏറെ തളര്‍ത്തുന്നതായിരുന്നു. ഇതിനെതിരെ വ്യാപകമായി പരാതിയും ഉയര്‍ന്നിട്ടുണ്ട്.


പെൺകുട്ടികളെ അപമാനിച്ചതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുക്കുകയും ചെയ്തു. സംഭവിച്ചത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും കമ്മിഷൻ വ്യക്തമാക്കി. സിബിഎസ്ഇയുടെ പ്രാദേശിക ഡയറക്ടറിൽനിന്നു വിശദീകരണവും തേടി. സംഭവത്തിൽ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനും സിബിഎസ്ഇയോട് റിപ്പോർട്ട് തേടിയിരുന്നു.


സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നു കണ്ടെത്തിയ അധ്യാപികമാരെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്.